Author - അഡ്വ: മുഈനുദ്ദീന്
Product Code: | |
Availability: | In Stock |
Book Information | |
Number of pages | |
Publishing Date | |
Book | പ്രണയം പ്രിയതമയോട് പ്രിയതമനോട് |
Author | അഡ്വ.മുഈനുദ്ദീന് |
Category | കണ്‍കുളിര്‍മയുള്ള കുടുംബജീവിതം |
ISBN | 9876543210 |
Binding | Text |
Publisher | |
Dimension |
പുസ്തകത്തെക്കുറിച്ച്
വൈവാഹിക ജീവിതം അഡ്ജസ്റ്റ്മെന്റല്ല, ആനന്ദമാണ്. അഡ്ജസ്റ്റ്മെന്റില്‍ നിന്നും ആനന്ദാവസ്ഥയിലേക്ക് എത്തുന്നതിനുള്ള രഹസ്യ താക്കോലാണ് ഈ പുസ്തകത്തിലുടനീളം കൈകാര്യം ചെയ്യുന്നത്. അത്ഭുതങ്ങളുടെ ചെപ്പുകള്‍ തുറന്ന് ജീവിതത്തില്‍ സന്തോഷവും സമാധാനവും ശാന്തിയും കണ്‍കുളിര്‍മയുമൊക്കെ ലഭ്യമാകുന്നതിനുള്ള ഈ പ്രായോഗിക പുസ്തകം ഇപ്പോള്‍ തന്നെ വായിച്ചു തുടങ്ങുക. വൈവാഹിക ജീവിതം നിങ്ങള്‍ കരുതിയതിനുമപ്പുറം, സ്വപ്നം കണ്ടതിനുമപ്പുറം ആനന്ദദായകമാണെന്ന് ഈ പുസ്തകം വായിച്ചു കഴിയുമ്പോഴേക്കും നിങ്ങള്‍ക്ക് ബോധ്യപ്പെടുക തന്നെ ചെയ്യും.
.മലയാള ഭാഷാ ചരിത്രത്തില്‍ ആദ്യമായി.....
പ്രണയത്തിനൊരു പ്രായോഗിക പുസ്തകം.
വായനയ്ക്ക് മുന്‍പ്
ഇപ്പോള്‍ നിങ്ങളുടെ കൈയ്യിലുള്ള ഈ പുസ്തകം ഒരു മഹാനിധിയാണ്. വൈവാഹിക ജീവിതത്തില്‍ നിങ്ങള്‍ക്കായി നിങ്ങളുടെ സ്രഷ്ടാവ് മഹാനിധികളായ കണ്‍കുളിര്‍മ, സ്നേഹം, കാരുണ്യം സമാധാനം, ശാന്തി സക്കീനത്ത് മുതലായവ കണ്ടെത്തുന്നതിനുള്ള, അനുഭവിക്കുന്നതിനുള്ള ഒന്നാം തരം ഉപകരണമാണ് ഈ പുസ്തകം.
വൈവാഹിക ജീവിതം അഡ്ജസ്റ്റുമെന്റെല്ല ആനന്ദമാണ് എന്നു സ്രഷ്ടാവ് പ്രഖ്യാപിച്ച ആ ആത്യന്തിക യാഥാര്‍ത്ഥ്യം, ഈ പുസ്തകത്തിലെ വ്യത്യസ്ത കാര്യങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ അനുവര്‍ത്തിക്കുന്നതിലൂടെ നിങ്ങള്‍ക്ക് തന്നെ ബോധ്യമാകും അവ സൗഭാഗ്യത്തിന്റെ ആ മഹാനിധികള്‍ നിങ്ങള്‍ അനുഭവിക്കുക തന്നെ ചെയ്യും.
എങ്കില്‍ ഞാന്‍ ഒന്നും പറയുന്നില്ല നിങ്ങള്‍ക്ക് വേണ്ടതെല്ലാം ഈ പുസ്തകത്തിലുണ്ട്. വൈവാഹിക ജീവിതത്തിലെ ആ കണ്‍കുളിര്‍മയും സ്നേഹവും കാരുണ്യവും സമാധാനവും ശാന്തിയുമെല്ലാം കണ്ടെത്തുന്നതിനും അനുഭവിക്കുന്നതിനും വേണ്ടതെല്ലാം ഈ പുസ്തകത്തിലുണ്ട്. വായിച്ചു തുടങ്ങുക; ഇപ്പോള്‍ തന്നെ.
അദ്ധ്യായങ്ങള്‍
1. കാട്ടിലെ കല്യാണം
2. വൈവാഹിക ജീവിതം അഡ്ജസ്റ്റുമെന്റെല്ല ആനന്ദമാണ്
3. സ്നേഹം ഒരു മഹാത്ഭുതം
4. സ്നേഹം അനുഭവിക്കുവാന്‍
5. മണ്ണിനെ സ്വര്‍ണ്ണമാക്കി മാറ്റുന്ന രാസവിദ്യ
6. സ്നേഹം ലഭിക്കുവാനുള്ള മാര്‍ഗ്ഗങ്ങള്‍
7. സഹതാപത്തില്‍ നിന്നും സ്നേഹത്തിലേക്ക്
8. നിങ്ങള്‍ക്ക് ചരല്‍ക്കല്ല് വേണോ വജ്രം വേണോ?
9. സന്തോഷത്തിന്റെ രസതന്ത്രം
10. സന്തോഷത്തിന്റെ രസതന്ത്രം (രണ്ട്)
11. പ്രണയത്തിന്റെ പൂത്തിരികള്‍
12. വീട് വിശ്രമ കേന്ദ്രമായി വളരാന്‍
13. ദേഷ്യം നിയന്ത്രിക്കുന്നതിനുള്ള രഹസ്യത്താക്കോല്
14. പരിണാമത്തിന്റെ പാതയില്‍ നിന്ന് പ്രണയത്തിന്റെ പാതയിലേക്ക്
15. കീഴടങ്ങലിലൂടെ കടന്നുവരുന്ന കാരുണ്യവര്‍ഷം
16. മതിപ്പും ബഹുമാനവും ലഭിക്കാന്‍
17. ചക്രവര്‍ത്തിയും, ചക്രവര്ത്തിനിയുമായി മാറുന്നതിനുള്ള മഹാരഹസ്യം
18. നിഷ്ക്കളങ്കമായ സ്നേഹം
പുസ്തകത്തില്‍ നിന്നും ഒരു അധ്യായം
അദ്ധ്യായം 1
കാട്ടിലെ കല്ല്യാണം
കാട്ടില്‍ ഒരു കല്യാണം നടക്കുകയായിരുന്നു. ഗംഭീര കല്യാണം. പുലിയാണ് വരന്. വധു പെണ്‍പുലിയും. വലിയ കല്യാണമായാതിനാല് മിക്കവാറുമെല്ലാ മൃഗങ്ങളെയും ക്ഷണിച്ചിട്ടുണ്ട്. വലിയ വലിയ മൃഗങ്ങള്‍ക്ക് പുറമേ ചെറിയ ചെറിയ മൃഗങ്ങള്‍ വരെ ഫംങ്ങ്ഷന്‍ എത്തിയിട്ടുണ്ട്.
സിംഹം, കടുവ, പുള്ളിപുലി, വരയന്‍ പുലി മുതലായ വന്മൃഗങ്ങളും ആട്, ഒട്ടകം, എരുമ മുതലായ മൃഗങ്ങളുമെല്ലാം സദ്യക്ക് കാത്തിരികുകയാണ്. എല്ലാവര്‍ക്കുമുള്ള സദ്യ തയ്യാറാണ് എന്ന അനൗണ്‍സ്മെന്റ് നല്കപ്പെട്ടതിനാല് എല്ലാ മൃഗങ്ങളും അവരവരുടെ സ്ഥാനത്ത് തന്നെ ഇരിപ്പുറപ്പിച്ചിരിക്കുകയാണ്. കുറുക്കനെ പോലെയുള്ള മൃഗങ്ങളൊക്കെ തങ്ങളുടെ ശബ്ദം വന്മൃഗങ്ങളുടെ സദസ്സില്‍ പുറത്ത് വരാതിരിക്കാന്‍ നന്നേ പാടുപെടുന്നുണ്ടെങ്കിലും ഇടയ്ക്കിടയ്ക്ക് ചെറിയ രീതിയിലെങ്കിലും മുക്കലും മുരളലും കൂവലുമൊക്കെ പുറത്ത് വരുന്നുണ്ട്.
ഇതെന്താണ് ഇയാള്‍ പ്രണയം പ്രിയതമയോട് പ്രിയതമനോട് എന്നൊക്കെ പറഞ്ഞിട്ട് ചുമ്മാ കാട്ടിലെ കഥയും പറഞ്ഞ് സമയം കളയുന്നത് എന്ന് നിങ്ങള്‍ ചിന്തിക്കുന്നുവെങ്കില്‍; നിങ്ങള്‍ ഓര്‍ക്കുക, നിങ്ങളുടെ ജീവിതവുമായി പ്രത്യേകിച്ച് വൈവാഹിക ജീവിതവുമായി അങ്ങേയറ്റം ബന്ധമുള്ള കഥയാണ് ഞാനീ പറഞ്ഞുവരുന്നത്. ശ്രദ്ധയോടെ വായിക്കുക. തീര്‍ച്ചയായും ഈ കഥ നിങ്ങള്‍ക്ക് ഉപകരിക്കുക തന്നെ ചെയ്യും.
ഭക്ഷണം വിളമ്പിതുടങ്ങി. ഭക്ഷണത്തിന്റെ മണം പല മൃഗങ്ങളുടെയും മൂക്കില്‍ എത്തിത്തുടങ്ങി. ഗംഭീരമായ സദ്യക്ക് ശേഷം മൃഗങ്ങളുടെ കൊട്ടിപ്പാട്ട് ആരംഭിക്കുകയാണ്. പാട്ടിന്റെ ഈണത്തിനും താളത്തിനുമനുസരിച്ച് വന്‍ മൃഗങ്ങള്‍ ചുവടുവെച്ചു തുടങ്ങി. ഗംഭീരമായ നൃത്തം നടക്കുകയാണ്.
ചെറു മൃഗങ്ങളൊക്കെ വെറുതെ നോക്കിനിന്നു. ചിലര്‍ക്ക് പങ്കെടുക്കണമെന്നുണ്ട്. പക്ഷെ, ഈ വന്‍ മൃഗങ്ങളുടെ കൂടെ എങ്ങനെ നൃത്തം ചവിട്ടും.
പെട്ടെന്നായിരുന്നു അത് സംഭവിച്ചത്, വന്‍ മൃഗങ്ങള്‍ നൃത്തം വെക്കുന്ന മദ്യത്തിലേക്കു ഒരു എലി ചാടി വന്നു. കൊച്ചു മൃഗങ്ങളെല്ലാം അത്ഭുതപെട്ടുപോയി. ഇതെന്തൊരു ദൈര്യശാലിയായ എലി.അവര്‍ ആശ്ചര്യം കൂറി.
“അവന് വന്‍ മൃഗങ്ങളുടെ കൂടെ നൃത്തം ചവിട്ടുകയാണ്. ഇത് കണ്ട ഒരു പുലിക്കു സഹിക്കാന്‍ പറ്റിയില്ല. പുലി എലിയെ തന്റെ കൈകള്‍ കൊണ്ട് പൊക്കിയെടുത്ത് ഇപ്രകാരം ചോദിച്ചു.
എന്തുധൈര്യമാടോ നിനക്ക് നമ്മുടെ കൂടെ നൃത്തം ചെയാന്‍?!!!”
എല്ലാവരും നിശബ്ദമായി. നൃത്തം താനേ നിന്നു. അത്രമാത്രം ഗൌരവത്തിലായിരുന്നു പുലിയുടെ ചോദ്യം.
എന്നാല്‍ എലിയുടെ മുഖഭാവം കണ്ടവര്‍ ശരിക്കും വിസ്മയം കൂറി. യാതൊരു ഭയവും ഇല്ലാതെ, ഭാവ മാറ്റങ്ങളും ഇല്ലാതെ, കൂസലുമില്ലാതെ ഗൌരവമായി തന്നെ എലി മറുപടി പറഞ്ഞു; പുലിയോട്
"മിണ്ടിപ്പോകരുത്..... ഞാനും ഒരു പുലിയായിരുന്നു; കല്യാണത്തിനു മുമ്പ് "
കഥയുടെ ഗുട്ടന്‍സ് മനസ്സിലായവര്‍ ചിരിക്കുന്നുണ്ടാവും എന്ന് എനിക്കറിയാം. തീര്‍ച്ചയായും നിങ്ങള്‍ ചിരിക്കുന്ന ആ വേളയില്‍ ചെറിയ ഒരു ഗ്യാപ്പുണ്ട്. നിങ്ങള്‍ പോലും അറിയാതെ നിങ്ങളുടെ ഈഗോ മാറി നില്ക്കുന്ന നിമിഷമാണത്; എന്താ ശരിയല്ലേ? നിങ്ങള്‍ ചിരിച്ച ആ നിമിഷങ്ങളില്‍ നിങ്ങള്ക്കകത്ത് ഈഗോ ഉണ്ടായിരുന്നുവോ? നിങ്ങള്‍ തന്നെ നിങ്ങളെ നിരീക്ഷിക്കുക.
കൃത്യമായി നിരീക്ഷിച്ചവര്‍ക്ക് ഉത്തരം ലഭിക്കും. ആ ചെറിയ ഒരു ഇടവേളയില്‍ അകത്തു ഈഗോ നിലനിന്നിരുന്നില്ല. അതായതു ഞാനെന്ന ഭാവം നിലനിന്നിരുന്നില്ല. ഈ ഞാനെന്ന ഭാവമാണ് വിവാഹം കഴിഞ്ഞ സമയത്ത് പുലിപോലെയായിരുന്ന എനിക്ക് എലിപോലെ ആയിത്തീരാന്‍ കാരണമായത് എന്ന് തിരിച്ചറിയുന്ന ആ നിമിഷം..... ആ നിമിഷം മുതല്‍ നിങ്ങള്‍ ധന്യനാണ്, സന്തോഷവാനാണ്, നിങ്ങളുടെ വൈവാഹിക ജീവിതം കണ്‍കുളിര്‍മ നിറഞ്ഞതാണ്. ആനന്ദം കളിയാടുന്നതാണ്. ആഹ്ലാദത്തിന്റെ ആയിരം താമര മലരുകള്‍ വിരിയുന്നതാണ്.
നിങ്ങള്‍ അത് ശ്രദ്ധിച്ചിരുന്നോ എന്ന് എനിക്കറിയില്ല. കല്ല്യാണം കഴിഞ്ഞു ആദ്യത്തെ ഒരു വര്‍ഷം അവള് പറയുന്ന എന്തും അവന് കേള്‍ക്കും. നിനക്ക് എന്താണോ വേണ്ടത്, എന്തും അതെല്ലാം ഞാന്‍ വാങ്ങിത്തരാം, എത്തിച്ചു തരാം. നീയൊന്നു പറഞ്ഞാല്‍ മാത്രം മതി. നീയെന്റെ പ്രിയസഖിയല്ലേ.... ആകാശത്തിലെ അമ്പിളിമാമനെ നിനക്ക് വേണോ അതുപോലും ഞാന്‍ നിനക്ക് എത്തിച്ചുതരാന്‍ തയ്യാറാണ്. എന്ന രീതിയിലാണ് ആദ്യത്തെ ഒരു വര്‍ഷം കഴിഞ്ഞു പോകുന്നത്.
രണ്ടാമത്തെ വര്ഷമാകുമ്പോഴേക്കോ? കാര്യങ്ങളുടെ ഘടന ആകെ മാറുകയാണ്:
"ഇനി ഞാന്‍ പറയുന്നത് നീ കേട്ടാല്‍ മതി, കുറെക്കാലമായി നീ പറയുന്നത് ഞാന്‍ കേള്‍ക്കുന്നു..... ഓകെ. ഞാന്‍ പറയുന്നത് പോലെ മാത്രം മതി ഇനി ഈ വീട്ടിലെ കാര്യങ്ങള്‍. "
ഭര്‍ത്താവ് ഭാര്യയോട് പറയുന്ന ഡയലോഗിന്റെ ചുരുക്കമാണിത്. അതായത് അടുത്ത വര്‍ഷം അയാള്‍ പറഞ്ഞത് ഭാര്യ കേള്‍ക്കണം എന്നിടത്ത് എത്തുന്നു.
മൂന്നാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്നതോടെ എന്താണ് സംഭവിക്കുന്നത്? എന്തായിരിക്കും സംഭവിക്കുക? നിങ്ങള്‍ ഒന്ന് ഓര്‍ത്തു നോക്കൂ......... .മൂന്നാമത്തെ വര്‍ഷമാകുമ്പോഴേക്കും നിങ്ങള്‍ രണ്ടു പേരും പറയുന്നത് (പരസ്പരം പറയുന്നത്) നാട്ടുകാര്‍ക്കും അയല്‍വാസികള്‍ക്കും കേള്‍ക്കേണ്ടിവരും. നിങ്ങള്‍ പറയുന്നത് അവര്‍ കേള്‍ക്കുന്നു.
ഓ, നിങ്ങള്‍ ചിരിക്കുകയാണ് അല്ലെ? വീണ്ടും ചിരിക്കുകയാണ് നിങ്ങള്‍. അല്ലെങ്കിലും അത് അങ്ങനെയാണ്. ജീവിതത്തിന്റെ ആഴത്തിലേക്ക് നാം ഇറങ്ങിചെല്ലുമ്പോള്‍ നാം ചെയ്യുന്ന വിഡ്ഢിത്തങ്ങള്‍ ആലോചിച്ച് നാം അറിയാതെ ചിരിച്ചുപോകും.
ശരി, തൊട്ടടുത്ത ഒരു വര്‍ഷത്തില്‍ എന്തായിരിക്കും സംഭവിക്കുക? നാലാമത്തെ വര്‍ഷത്തില്‍. ഈ വര്‍ഷത്തിന്റെ കണക്കൊക്കെ ഒരു എകദേശ കണക്കാണ് കേട്ടോ? പുതിയ തലമുറയില്‍ ഇതൊക്കെ സംഭവിക്കുന്നതിനു ആറുമാസത്തെ കളയലാവേ ഉള്ളൂ. എല്ലാം വളരെ വേഗതയിലാണ് നീങ്ങുന്നത്.
വന്‍ നഗരങ്ങലില്‍ മേട്രോപോളിറ്റന്‍ സിറ്റികളില്‍ അതിനേക്കാള്‍ വേഗതയിലാണ് കാര്യങ്ങള്‍.. 3G യുഗമല്ലേ കാര്യങ്ങള്‍ നടക്കുന്നത് മൂന്ന് മാസത്തിന്റെ വേഗതയിലാണ്. 3G വേഗതയിലാണ് ജീവിതവും മാറി മറിയുന്നത് എന്ന് ചുരുക്കം. ആധുനിക രംഗത്ത് എല്ലാം ഇന്‍സ്റ്റന്റ് ആണല്ലോ? ഇന്‍സ്റ്റന്റ് കോഫീ, ഇന്‍സ്റ്റന്റ് ഫുഡ്, അങ്ങനെ എല്ലാം ഇന്‍സ്റ്റന്റ് ആണ്. ഇന്‍സ്റ്റന്റ് ഡൈവോഴ്സ് എന്നിവയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ഇന്‍സ്റ്റന്റ് എന്നാല്‍ ഉടനടി എന്നര്‍ഥം.
നമുക്ക് ഏതായാലും പഠനത്തിനായി വര്ശക്കണക്ക് തന്നെ കൂട്ടാം. എന്തായിരിക്കും നാലാം വര്‍ഷത്തില്‍ സംഭവിക്കുക. നാട്ടുകാരും അയല്‍വാസികളും കേട്ടു കൊണ്ടിരിക്കുന്ന പിരീഡാണിത്....
തീര്‍ച്ചയായും തന്റെ അഭിമാനബോധവും മറ്റും കാത്തു സൂക്ഷിക്കാനായി അകത്തെ മഹായുദ്ധം പുറം ലോകം അറിയാതിരിക്കാനായി പുരുഷന് പത്തി മടക്കും. എല്ലാം സഹിക്കും. അവളോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല. നാട്ടുകാരുടെ മുമ്പില്‍ അല്പം ഒരു ‘നിലയും വിലയും ഉണ്ട്’. അതൊന്നു കാത്തു സൂക്ഷിക്കാന്‍ പിന്നീടങ്ങോട്ടുള്ള ജീവിതം അഡ്ജസ്റ്റ്മെന്റ് ജീവിതമാണ്.
അഡ്ജസ്റ്റ്മെന്റെ് എന്നാല്‍ എന്താണ്? എല്ലാം സഹിച്ചു കൊള്ളുക. പുലിയായിരുന്ന പുരുഷന് ഇപ്പോള്‍ എലിയായി മാറിയിരിക്കുകയാണ്.
കുറെ കയര്‍ത്ത് സംസാരിച്ചിരുന്ന സ്ത്രീ കണ്ണീര് മാത്രമായി ഒതുങ്ങിയിരിക്കുകയാണ്. അവള്‍ക്കും മതിയായി. കുറെ 'തൊള്ള'യിട്ടു നോക്കി. രക്ഷയില്ല. ഇനി സഹിക്കുക തന്നെ. എന്ത് ചെയ്യാനാണ്. രണ്ടു മക്കളായിപ്പോയില്ലേ? അവരുടെ ഭാവി, ജോലി വിദ്യാഭ്യാസം എല്ലാം താറുമാറാകില്ലേ? നമ്മുടെ ജീവിതമോ 'കുളമായി’ കിടക്കുകയാണ്. അവരുടെ ജീവിതമെങ്കിലും ശരിയാകട്ടെ!!
ഞാനിതു വെറുതെ പറയുകയല്ല സുഹൃത്തുക്കളെ.... കേരളത്തിലെ ഒരു മുസ്ലീം സംഘടന നടത്തിയ സര്‍വ്വേ റിപ്പോര്‍ട്ട് പ്രകാരം അറുപതിലധികം ശതമാനം കുടുംബങ്ങളും ഇത്തരത്തില്‍ നാട്ടുകാര്‍ക്ക് വേണ്ടിയും വീട്ടുകാര്‍ക്ക് വേണ്ടിയും മക്കളുടെ ഭാവി ആലോചിച്ചുമൊക്കെ വൈവാഹിക ജീവിതത്തെ ഉന്തി തള്ളുന്നവരാണ്!!! മുസ്ലിംകളില് നടത്തിയ സര്‍വ്വേ റിപ്പോര്‍ക്ക് ആണ് ഞാനീ പറയുന്നത്.
ഇതെന്താണ് ഇങ്ങനെ? ഇതിനൊരു പരിഹാരമില്ലേ? രക്ഷപ്പെടാന്‍ മാര്‍ഗ്ഗമില്ലേ മറ്റുള്ളവരുടെ കാര്യമെല്ലാം നിങ്ങള്‍ വിട്ടേക്കു.... നിങ്ങള്‍ക്ക് രക്ഷപ്പെടാന്‍ ആഗ്രഹമില്ലേ? ഈ പുസ്തകം വായിക്കുന്ന നിങ്ങളോടാണ് എന്റെ ചോദ്യം.... നിങ്ങള്‍ക്ക് രക്ഷപ്പെടണമെന്ന്, ഈ കാരാഗ്രഹ തുല്യമായ നിന്നും രക്ഷപ്പെടണമെന്ന് നിങ്ങള്‍ക്ക് മോഹമില്ലേ?
എങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ അടുത്ത അദ്ധ്യായത്തിലേക്ക് പ്രവേശിക്കുക. കണ് കുളിര്‍മയും പ്രശാന്തതയും ആനന്ദവും ആഹ്ലാദവും നിറഞ്ഞ ഒരു വൈവാഹിക ജീവിതം മനുഷ്യന് അഥവാ നിങ്ങള്‍ക്ക് സാദ്യമാണ്. എങ്കില്‍ പെട്ടെന്ന് വളരെ പെട്ടെന്ന് ഈ പെജൊന്നു മറിചേക്കൂ......