Author - അഡ്വ: മുഈനുദ്ദീന്
Product Code: | |
Availability: | In Stock |
Book Information | |
Number of pages | |
Publishing Date | |
Book | ബന്ധങ്ങളുടെ മന:ശാസ്ത്രം (ഭാഗം 4) |
Author | അഡ്വ.മുഈനുദ്ദീന് |
Category | ബന്ധങ്ങളുടെ മന:ശാസ്ത്രം സീരീസ് |
ISBN | |
Binding | |
Publisher | |
Edititon | 1 |
Dimension |
പുസ്തകത്തെക്കുറിച്ച്
അടിസ്ഥാനപരമായ ആറ് കഴിവുകളോടെയാണ് നിങ്ങളടക്കമുള്ള ഓരോ വ്യക്തിയും ഈ ഭൂമുഖത്തേക്ക് പിറന്നു വീഴുന്നത്. ഈ കഴിവുകള്‍ പ്രകടിപ്പിച്ചുകൊണ്ടാണ് വ്യത്യസ്ത മേഖലകളിലെ പ്രതിഭകള്‍ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. പ്രതിഭയായിത്തീരുന്നതിനുള്ള ഈ ആറ് കഴിവുകള്‍ നിങ്ങള്ക്കകതും ഉറങ്ങിക്കിടക്കുന്നുണ്ട്. പക്ഷെ, അവ പ്രകടിപ്പിക്കാന്‍ നിങ്ങള്‍ക്കകത്തു നിലനില്‍ക്കുന്ന പന്ത്രണ്ടു ബ്ലോക്കുകളാണ്, ഈ ബ്ലോക്കുകള്‍ നീക്കം ചെയ്യാതെ നിങ്ങള്‍ക്ക് ജീവിതത്തില്‍ മുന്നേറുക സാധ്യമല്ല.
ഏതൊക്കെയാണ് ഈ ആറ് കഴിവുകള്‍?
എന്തൊക്കെയാണ് ഈ പന്ത്രണ്ടു ബ്ലോക്കുകള്‍?
ഇവയെ കുറിച്ച് നിങ്ങള്‍ ബോധവാന്മാരാകുന്നതോടെ നിങ്ങളുടെ ജീവിതത്തിന്റെ മുഖച്ഛായ തന്നെ മാറുന്നു. അരയന്നങ്ങള്‍ ആകാശത്തേക്ക് പറന്നുയരുന്നതു പോലെ നിങ്ങളും ഉയരങ്ങളിലേക്ക് പറക്കുവാന്‍ തുടങ്ങുന്നു ....
വായനയ്ക്ക് മുന്‍പ്
നാലോ അഞ്ചോ വയസ്സ് പ്രായമുള്ള കുട്ടികള്‍ നിങ്ങളുടെ വീട്ടില്‍ ഉണ്ടോ? ഇല്ലെങ്കില്‍ നിങ്ങളുടെ ബന്ധുവീട്ടിലോ മറ്റോ ഉണ്ടായിരിക്കുമല്ലോ. കാലത്ത് അവര്‍ എണീറ്റതു മുതല്‍ രാത്രി ഉറങ്ങുന്നതുവരെയുള്ള അവരുടെ കളികള്‍ നിങ്ങള്‍ ശ്രദ്ധിച്ചു നോക്കിയിട്ടുണ്ടോ?
ഓടുന്നു, ചാടുന്നു, തലകുത്തി മറിയുന്നു, സൈക്കിള്‍ ചവിട്ടുന്നു, ഒരു കട്ടിലില്‍ നിന്നും മറ്റേ കട്ടിലിലേക്കോ സോഫയിലേക്കോ ചാടുന്നു, മരത്തില്‍ കയറുന്നു..... അങ്ങനെ പലപല കാര്യങ്ങളിലും അവര്‍ എപ്പോഴും വ്യാപൃതരായിരിക്കും!
അവര്‍ക്ക് ഞായറാഴ്ചയോ വെള്ളിയാഴ്ചയോ ഒന്നും ഒഴിവില്ല. കാലത്ത് തുടങ്ങിയാല്രാത്രി ഉറങ്ങുന്നതുവരെ അവര്‍ ഊര്‍ജസ്വലരാണ്. കാര്യമായ ക്ഷീണമൊന്നും അവര്‍ക്ക് ബാധിക്കുന്നതായി കാണില്ല.
ജിംനേഷ്യത്തിലോ മറ്റോ പോയിട്ടില്ലാത്ത, മസില് പവറോ ശാരീരിക കരുത്തോ ഇല്ലാത്ത ഈ കുട്ടികള്‍ക്ക് ഇത്രമാത്രം എനര്‍ജി (ഊര്‍ജം) എവിടെനിന്നു കിട്ടുന്നുവെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ആലോചിച്ചു നോക്കിയിട്ടുണ്ടോ?
അവരുടെ മസിലുകള്‍ നോക്കൂ... മൃദുലമാണവ. അവരുടെ ശരീരം ഒരു പുഷ്പത്തെപ്പോലെ ലോലമാണ്, അല്ലേ? എങ്കില്‍ എവിടെ നിന്നാന്നീ ഊര്‍ജം വരുന്നത്?
നിങ്ങള്‍ ഇതിനെകുറിച്ച് ആലോചിച്ചിട്ടില്ലെങ്കിലും അമേരിക്കയിലെ ഒരു സര്‍വകലാശാലയിലെ ഒരു വിഭാഗം ശിശുമന:ശാസ്ത്രജ്ഞര്‍ വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ആലോചിച്ച കാര്യമാണിത്. ആലോചിച്ച് ഉത്തരം കിട്ടാത്ത അവര്‍ ഒരു ഗവേഷണം നടത്തുകയുണ്ടായി. ഈ ഗവേഷണത്തിന്റെ റിസള്‍ട്ട് അത്യത്ഭുതകരമായിരുന്നു. അതിലേക്ക് ഞാന്‍ നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നത്.
ഗവേഷകര്‍ പ്രശസ്തനായ ഒരു ഗുസ്തിക്കാരനെയും ഒരു അഞ്ചു വയസ്സ് പ്രായമുള്ള കുട്ടിയേയും ഗവേഷണത്തിനായി തയാറാക്കി. കാലത്ത് മുതല്‍ കുട്ടി എന്തൊക്കെ കളിക്കുന്നുവോ അതൊക്കെ ഗുസ്തിക്കാരന് അനുകരിക്കണം. അതായിരുന്നു ഗവേഷണപരിപാടി.
പല റിങ്ങുകളിലും പലരെയും ഗുസ്തിയിലൂടെ മലര്‍ത്തിയിട്ട ഗുസ്തിക്കാരന് അഞ്ചുവയസ്സുകാരന്റെ പ്രവര്‍ത്തനങ്ങള്‍ അനുകരിക്കുന്ന കാര്യം ഒട്ടും പ്രയാസമുള്ളതായിരുന്നില്ല. അതിനാല്‍ അയാളും കരാറില്‍ ഒപ്പു വെച്ചു.
നിശ്ചയിച്ച ദിവസം, തന്നെക്കാള്‍ മുതിര്‍ന്ന, ഒരു ആ ജാനുബാഹുവായ മനുഷ്യന് തന്റെ പ്രവര്‍ത്തികള്‍ അനുകരിക്കുന്നുവെന്നറിഞ്ഞപ്പോള് കുട്ടിക്ക് ആവേശം കൂടി. അവന് തന്റെചാട്ടവും ഓട്ടവും മരംകയറ്റവും സൈക്കിള്‍ ചവിട്ടലും തലകുത്തി മറിയലുമൊക്കെ നിര്‍ത്താതെ ആവര്‍ത്തിച്ചു...ഗുസ്തിക്കാരനും അവനെ അപ്പപ്പോള്‍ അനുകരിച്ചു.
അത്ഭുതം! പിന്നീട് സംഭവിച്ചത് അക്ഷരാര്‍ഥത്തില്‍ ഗുസ്തിക്കാരന്റെ പരാചയമായിരുന്നു!! കേവലം നാലുമണിക്കൂര്‍ നേരത്തെ അനുകരണത്തിനുശേഷം കിതച്ചു കൊണ്ട് അയാള്‍ പറഞ്ഞു: “ വയ്യ,എനിക്കിനി വയ്യ....”
ഗവേഷകരുടെ സംശയവും ഒപ്പം ആശ്ചര്യവും ഒന്നും കൂടി വര്‍ധിക്കുകയായിരുന്നു. ഒരു ഗുസ്തിക്കാരന് പോലും അധികം ആവര്‍ത്തിക്കാന്‍ പറ്റാത്ത ഈ ശാരീരിക ശക്തി കുട്ടിക്ക് എവിടെ നിന്നും ലഭിക്കുന്നു. നീണ്ട പഠനങ്ങള്‍ക്കു ശേഷം വന്ന റിപ്പോര്‍ട്ട് ഇപ്രകാരമായിരുന്നു. “The power of the child is the mental power’’
കാര്യം പിടികിട്ടിയോ? കുട്ടിയില്‍ കാണുന്ന ആ ശക്തിയും കഴിവുമൊക്കെ മാനസികതലത്തില്‍ നിന്നും വരുന്നതാണ് എന്ന്. മാനസികതലത്തില്‍ നിന്നും ഉടലെടുക്കുന്ന ഊര്‍ജ്ജമാണ് ശാരീരിക ഊര്‍ജ്ജമായി പരിണമിക്കുന്നതെന്ന് ചുരുക്കം.
ഇവിടെ അടിസ്ഥാനപരമായ ഒരു ചോദ്യമുണ്ട്: ഇത്ര മാത്രം അപാരമായ ശക്തിയും കഴിവുകളും പ്രകടിപ്പിച്ച ഈ കുട്ടികള്‍ വലുതാകുമ്പോള്‍ ഈ കഴിവുകളൊക്കെ (മാനസിക ഊര്‍ജ്ജം) എങ്ങോട്ടുപോകുന്നു? അവ ആകാശത്തേക്ക് ആവിയായിപ്പോയി എന്നു പറയാന്‍ പറ്റുമോ? ചെറുപ്പത്തില്‍ അസെറ്റ് (സമ്പത്ത്) ആയിരുന്ന കുട്ടി പതിനഞ്ചോ ഇരുപതോ വയസ്സാകുമ്പോഴേക്കും ‘അസത്താ’ യി മാറുന്ന കാഴ്ച്ചയാണ് നാമിന്ന് സമൂഹത്തില്‍ കണ്ടു വരുന്നത്. ബുദ്ധിശക്തി പ്രകടിപ്പിക്കുന്ന കുട്ടികളില്‍വരെ മാനസികോര്‍ജ്ജം കാണാത്ത അവസ്ഥ!
നാമും ചെറുപ്പത്തില്‍ ഇങ്ങനെ ഊര്ജ്ജസ്വലരായിരുന്നില്ലേ? ഓര്‍ത്തുനോക്കൂ... അവിസ്മരണീയമായ ആ നാളുകളെകുറിച്ച്. മയില്‍പ്പീലിയും മഞ്ചാടിക്കുരുവുമൊക്കെ പെറുക്കികൂട്ടി നിധിപോലെ സൂക്ഷിച്ചുവെച്ച ആ കാലഘട്ടം ....പെറുക്കിസൂക്ഷിക്കുന്ന വെള്ളാരം കല്ലുകള്‍ക്ക് കോഹിനൂര്‍ രത്നത്തേക്കാള്‍ വിലമതിച്ചിരുന്ന ആ കാലഘട്ടം....
ഹൊ! എന്തു രസമായിരുന്നു, അല്ലേ? എന്തുമാത്രം ആനന്ദകരമായിരുന്നു, അല്ലേ? കുത്തിയൊഴുകിയിരുന്ന ഊര്‍ജ്ജത്തിന്റെ പ്രസരിപ്പ്... ആ പ്രസരിപ്പില്‍ നിന്നും പൊന്തിവന്ന സര്‍ഗാത്മക കഴിവുകള്‍, അവയുടെ പ്രകടനങ്ങള്‍... പോസിറ്റീവായ ഊര്‍ജ്ജം ഒരു വെള്ളച്ചാട്ടം കണക്കെ ഒഴുകിക്കൊണ്ടിരുന്നെങ്കില് എന്ന് നിങ്ങള്‍ ആഗ്രഹിച്ചുപോകാറില്ലേ?
എങ്കില്‍, എന്റെ ചോദ്യം ഞാന്‍ വീണ്ടും ആവര്‍ത്തിക്കട്ടെ! ഈ ഊര്‍ജ്ജമെല്ലാം ഒഴുകിപ്പോയത് എങ്ങോട്ടാണ്? ഈ പോസിറ്റീവ് എനര്‍ജിയെ ഇനി നമുക്ക് തിരിച്ചുകൊണ്ടുവരുവാന്‍ സാധിക്കുമോ? തീര്‍ച്ചയായും സാധിക്കും എന്നതാണ് സന്തോഷകരമായ വസ്തുത. ഈ പുസ്തകത്തിന്റെ സന്ദേശവും അതുതന്നെയാണ്.
ഈ പുസ്തകം നിങ്ങള്‍ വായിച്ചു കഴിയുമ്പോഴേക്കും നിങ്ങള്‍ മറ്റൊരു വ്യക്തിയായിത്തീര്ന്നിട്ടുണ്ടാകും. ആ രീതിയിലാണിത് ക്രമീകരിച്ചിരിക്കുന്നത്. ഓരോ മനുഷ്യനും ഈ ലോകത്ത് പിറന്നു വീഴുമ്പോള്‍ സ്രഷ്ടാവായ ദൈവം മനുഷ്യനില്‍ നിക്ഷേപിച്ചിരിക്കുന്ന നിരവധി കഴിവുകളുണ്ട്. അവയില്‍ വളരെ പ്രധാനപ്പെട്ട ആറു കഴിവുകള്‍. ആ ആറു കഴിവുകളിലൂടെയാണ് ഒരാള്‍ ഒരു പ്രതിഭയായിത്തീരുന്നത്. പ്രതിഭ ആ ആറുകഴിവുകളും പ്രകടിപ്പിക്കുന്നു. അങ്ങനെ അയാള്‍ ഒരു പ്രതിഭയായിത്തീരുന്നു.
എങ്കില്‍, അത്ഭുതമെന്താണെന്നറിയുമോ നിങ്ങള്‍ക്ക് ഇതേ അടിസ്ഥാനപരമായ ആറു കഴിവുകള്‍ നിങ്ങള്‍ക്കകത്തും ദൈവം നിക്ഷേപിച്ചിട്ടുണ്ട്. ഇപ്പോഴും നിങ്ങള്ക്കകത്ത് അവ ഉണ്ട്.സംശയിക്കാനൊന്നുമില്ല? പ്രതിഭയായിതീരുന്നതിനുള്ള ആറുകഴിവുകള് നിങ്ങള്‍ക്കകത്തു തന്നെയുണ്ട് എന്ന് തന്നെയാണ് ഞാന്‍ പറഞ്ഞത്. ഒരു വ്യത്യാസമേ ഉള്ളൂ. പ്രതിഭകള്‍ അവ പ്രകടിപ്പിക്കുന്നു. നിങ്ങള്‍ അവ അകത്ത് മൂടിവെക്കുന്നു.
അത്തരം കഴിവുകള്‍ നിങ്ങളുടെ അകത്തുണ്ട് എന്നത് നിങ്ങള്‍ അറിയുന്നില്ല എന്നതാണ് സത്യം. നിങ്ങള്‍ക്കകത്തുള്ള ഈ കഴിവുകള്‍ നിങ്ങള്‍ പോലും അറിയാതെ പോയതിന്റെ കാരണങ്ങള്‍ എന്താണെന്നറിയുമോ? ഈ ആറു കഴിവുകളും പുറത്ത് വരാതിരിക്കാനുള്ള പന്ത്രണ്ടു തടസ്സങ്ങള്‍ (ബ്ലോക്കുകള്‍ നിങ്ങള്ക്കകത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. അതുകൊണ്ടാണ് ഈ ആറു കാര്യങ്ങളും അവിടെ ഉള്ളതായി നിങ്ങള്‍ക്ക് അനുഭവപ്പെടാത്തത്.
ഏതൊക്കെയാണ് ഈ പന്ത്രണ്ടു ബ്ലോക്കുകള്‍? എന്തൊക്കെയാണി ആറു കഴിവുകള്‍? ഈ ബ്ലോക്കുകളെ ഇല്ലാതാക്കി ആറു കഴിവുകളേയും എങ്ങനെ പുറത്തുകൊണ്ടുവരാം, ജീവിതത്തില്‍ ആനന്ദവും ഉത്സാവും എങ്ങനെ നേടിയെടുക്കാം എന്നതാണ് ഈ പുസ്തകത്തില്‍ ചര്‍ച്ചചെയ്യുന്നത്.
മറ്റു പുസ്തകങ്ങളില്‍ കൈകൊണ്ടതുപോലെ തന്നെ ഹൃദയത്തിന്റെ ഭാഷയാണ് ഇതിലും ഞാന്‍ ഉപയോഗിച്ചിരിക്കുന്നത്. മലയാളസാഹിത്യമോ, സാഹിത്യ നിയമമോ, ചിലയിടങ്ങളില്‍ ഭാഷാനിയമം പോലുമോ പാലിച്ചതായി നിങ്ങള്‍ കാണുകയില്ല. ബോധപൂര്വമാണത്. കാരണം ഹൃദയത്തില്‍ നിന്നും ഹൃദയത്തിലേക്ക് കൈമാറുന്ന ഭാഷ, ആത്മസംഭാഷണം എല്ലാ നിയമങ്ങള്‍ക്കും അതീതമാണ്. ഈ പുസ്തകത്തില്‍ ഉപയോഗിച്ചിരിക്കുന്ന വാക്കുകളോ ശൈലികളോ ഒന്നും തന്നെ എന്റെ വിവരത്തെ എടുത്തു കാട്ടാനോ നിങ്ങളുടെവിവരം കൂട്ടാനോ അല്ല. മറിച്ച് ഒരു പുതിയ മാനസിക അവബോധത്തിലേക്ക് നിങ്ങളെ നയിക്കുക എന്ന ഉദ്ദേശ്യത്തോടെ മാത്രമാണ് ഓരോവാചകങ്ങളും വാക്കുകളും പ്രയോഗിച്ചിരിക്കുന്നത്.
ഇതില്‍ പറയുന്ന ഓരോ കാര്യവും, പ്രത്യേകിച്ച് ഏഴാമത്തെ അധ്യായം മുതലങ്ങോട്ട്, നിങ്ങളുടെ അനുഭവമായിത്തീരുന്നില്ല എങ്കില്‍, നിങ്ങളുടെ അനുഭവങ്ങളുമായി അവയെ കുട്ടിച്ചേര്ത്ത്പോകാന് സാധിക്കുന്നില്ല എങ്കില്‍ ചില വിഷയങ്ങളൊക്കെ നിങ്ങള്‍ക്ക് ആവര്‍ത്തനമാണോ എന്നു തോന്നാനിടയുണ്ട്. നിങ്ങള്ക്കെപ്പോഴാണോ നിങ്ങളുടെ ജീവിതാനുഭവങ്ങളുമായി ഇവയെ സംയോജിപ്പിക്കാന്‍ സാധിക്കുന്നത്, അപ്പോള്‍ ഇതിലെ ഓരോ വരികളും ആവര്‍ത്തിച്ചു വായിക്കാനുള്ള ത്വര നിങ്ങള്ക്കുണ്ടാകുന്നു. അതുകൊണ്ട് തന്നെയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു, ‘ബന്ധങ്ങളുടെ മനശാസ്ത്രം’ (ഒന്നാം ഭാഗം), ‘കുസൃതിയില്ലാത്ത കുട്ടികള്‍’ എന്നീ പുസ്തകങ്ങളൊക്കെ മുന്നും നാലും അഞ്ചും തവണ ആവര്‍ത്തിച്ചു വായിച്ച പലരും അക്കാര്യം വിളിച്ചു പറഞ്ഞത്. പത്തുതവണ വായിച്ചു എന്ന് പറഞ്ഞ ചിലരും അക്കൂട്ടത്തിലുണ്ട് എന്നത് ഇപ്പോഴും എന്നെ അത്ഭുതപ്പെടുത്തികൊണ്ടിരിക്കുന്ന വസ്തുതയാണ്.
അതിനാല്‍ പ്രിയ സുഹൃത്തുക്കളെ, എന്റെ മറ്റുപുസ്തകങ്ങളെ പോലെത്തന്നെ ഇതിലെയും വാക്കുകളിലേക്ക് ശ്രദ്ധിക്കാതെ വാക്കുകള്‍ക്ക് പിന്നിലുള്ള വികാരങ്ങളിലേക്ക് ശ്രദ്ധിക്കുക, വാക്കുകള്‍ നിങ്ങള്ക്കകത്ത് ജനിപ്പിക്കുന്ന വികാരങ്ങളുണ്ടല്ലോ, അവയിലേക്ക് മാത്രം ശ്രദ്ധിക്കുക. എങ്കില്‍ , നിങ്ങള്‍പോലും അറിയാതെ നിങ്ങളില്‍ ഒരു പോസിറ്റീവ് മാറ്റം സംഭവിക്കും! ആ മാറ്റത്തോടെ നിങ്ങളൊരു പുതിയ വ്യക്തിയായിത്തീരും.
ഈ പുസ്തകത്തിന്റെ മുമ്പുള്ള മൂന്നു ഭാഗങ്ങളും കത്തിന്റെ ശൈലിയിലായിരുന്നു. ഞാന്‍ ഷാര്‍ജയില്‍ നിന്നും അനുജന് എഴുതിയ ഒറിജിനല്‍ കത്തുകളായിരുന്നു അവ. ആ കത്തുകള്‍ കഴിഞ്ഞു. ഞാന്‍ ഷാര്‍ജയില്‍ നിന്ന് തിരിച്ചുവരികയും ചെയ്തു. ഇനിയും കത്തിന്റെ രൂപമാക്കിയാല്‍ അത് കൃത്രിമവും കള്ളവുമായി മാറുമെന്നതിനാല്‍ സാധാരണ പ്രതിപാദന ശൈലിതന്നെയാണിതിലുള്ളത്.
ഈ പുസ്തകത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച റിനയ്സന്സിന്റെ എല്ലാ അണിയറ ഷില്പികള്ക്കും നന്ദി അര്‍പ്പിച്ചുകൊണ്ട് നിങ്ങളുടെ വായനയ്ക്കു വേണ്ടി വിട്ടുതരികയാണ്...
സ്നേഹാശംസകളോടെ
അഡ്വ: മുഈനുദ്ദിന്‍....
അദ്ധ്യായങ്ങള്‍
ഭാഗം 1
1. നിങ്ങള്‍ക്കകത്തെ പ്രതിഭയെ കണ്ടെത്തുക
2. നിങ്ങളുടെ ചോദ്യങ്ങള്‍ അസ്തമിച്ചതെങ്ങനെ?
3. മയില്പീലിയും മഞ്ചാടിക്കുരുവുമൊക്കെ പറഞ്ഞതെന്തായിരുന്നു?
4. ചരിത്രം നിര്‍മ്മിക്കാന്‍ നിങ്ങള്‍ തയ്യാറുണ്ടോ?
5. ഉറങ്ങികിടക്കുന്ന ബുദ്ധിശക്തി ഉണര്‍ന്നാല്‍
6. നിഷ്ക്കളങ്കങ്ങമായ പുഞ്ചിരി നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ
ഭാഗം 2
7. ജീവിതത്തോട് നിങ്ങള്‍ക്ക് വെറുപ്പ് തോന്നുന്നുവോ?
8. ചിന്ത മരവിച്ചുപോവുന്ന ചില നിമിഷങ്ങള്‍
9. ജീവിതത്തില്‍ നിങ്ങള്‍ക്ക് വിജയിക്കുവാന്‍ താല്പര്യമില്ലേ?
10. ആത്മധൈര്യവും ആത്മവിശ്വാസവും ലഭിക്കുവാനുള്ള മാര്‍ഗങ്ങള്‍
11. അലസത മാറാനുള്ള മാര്‍ഗങ്ങളെന്തൊക്കെയാണ് '
12. നിങ്ങള്‍ അതുല്യനാണ്
13. മറ്റുള്ളവരുമായി ഇടപെടുമ്പോള്‍ വൈകാരിക തടസ്സം അനുഭവപ്പെടാറുണ്ടോ
14. എങ്ങൊട്ടെങ്കിലും നാടുവിട്ടു പോയേക്കാമെന്ന് നിങ്ങള്‍ക്കു തോന്നാറുണ്ടോ?
15. ഉള്ളുകൊണ്ട് സന്തോഷിക്കാന്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടോ
16. വികാരങ്ങളെ അടിച്ചമര്‍ത്തുബോള്‍
17. കുട്ടിക്കളി മാറാത്തവരോട്
18. വിട്ടുമാറാത്ത അസുഖത്തിന് അടിമയാണോ നിങ്ങള്‍
19. ഉപസംഹാരം
പുസ്തകത്തില്‍ നിന്നും ഒരു അധ്യായം
അദ്ധ്യായം 1
നിങ്ങള്‍ക്കകത്തെ പ്രതിഭയെ കണ്ടെത്തുക
നിങ്ങള്‍ക്ക് ഒരു പ്രതിഭയാകുവാന് ആഗ്രഹമുണ്ടെങ്കില്‍ അറിയുക, നിങ്ങള്‍ക്ക് വേണ്ടത് അടിസ്ഥാനപരമായ ആറു ഗുണങ്ങളാണ്. ഈ ആര് ഗുണങ്ങളും നിങ്ങളില്‍ സംജാതമാവുകയാണെങ്കില്‍ നിങ്ങള്‍ ഒരു മഹാ പ്രതിഭയായിതീരും!
നിങ്ങളുടെ ഹൃദയത്തിനകത്ത് പ്രതിഭയുടെ വല്ല ലക്ഷണവും ഉള്ളതായി നിങ്ങള്‍ കാണുന്നുണ്ടോ? നിങ്ങള്‍ക്ക് അനുഭവപ്പെടുന്നുണ്ടോ? ഇല്ലെങ്കില്‍, പ്രതിഭയായിത്തീരുന്നതിനുള്ള ആര് ഗുണങ്ങളും കുഞ്ഞുനാളില്‍ നിങ്ങളില്‍ ഉണ്ടായിരുന്നു എന്ന വസ്തുത നിങ്ങള്‍ അറിയുക.
ഈ ആറു ഗുണങ്ങള്‍ ഏതൊക്കെയാണെന്ന് ആദ്യമായി നമുക്ക് നോക്കാം.
ഇമാജിനേഷന് (ഭാവന)
കാര്യങ്ങളെയും വസ്തുക്കളെയും വസ്തുതകളെയും ഭാവനയില്‍ കാണാനുള്ള കഴിവ്. കുഞ്ഞുങ്ങളോട് നിങ്ങള്‍ പറഞ്ഞു നോക്കൂ:
“പണ്ടൊരിടത്ത് ഒരു അപൂപ്പനും അമ്മൂമയും ഉണ്ടായിരുന്നു ...’’ വെന്ന്. അപ്പോള്‍ തന്നെ അവരുടെ ഭാവന ഉണരുന്നത് നിങ്ങള്‍ക്ക് കാണാം. നിങ്ങള്‍ ചെറുതായിരുന്നപ്പോള്‍ നിങ്ങളുടെ ഭാവന ഉണര്‍ന്നത് ഓര്‍ക്കുന്നില്ലേ? അപ്പൂപ്പന്റെയും അമ്മൂമയുടെയും രൂപവും ഭാവവും അവരുടെ വീടും വീടിന്റെ നില്‍പ്പും അങ്ങനെ പലതും നിങ്ങളുടെ ഭാവനയില്‍ വന്നിരുന്നില്ലേ? നിങ്ങളുടെ അനുഭവത്തിലുള്ള പലതും ഓര്‍മയില്‍ വരുന്നില്ലേ?
ഈ ഭാവന വളര്‍ന്നു വികസിച്ചു വന്നവരാണ് ശാസ്ത്ര, സാങ്കേതികരംഗം മുതല്‍ മനുഷ്യ പുരോഗതിയുടെ പലരംഗങ്ങളിലും അതികായന്മാരായിത്തീര്ന്നത്. നമുക്കും ഭാവന എന്ന ഈ കഴിവ് കുഞ്ഞുന്നാളില്‍ ഉണ്ടായിരുന്നല്ലോ? നാലിലും അഞ്ചിലുമൊക്കെ പഠിക്കുന്ന പ്രായത്തില്‍ ഞാനും എന്റെ ബാല്യകാല സുഹൃത്തും ബന്ധുവും കൂടിയായ ഫാറൂഖും അനുജന് മുജീബുമൊക്കെയായി തറവാട്ടു വീട്ടില്‍ വെച്ച് അപ്പൂപ്പന്റെയും അമ്മൂമമയുടെയും കഥ അഭിനയിച്ച് കളിച്ചത് ഇപ്പോഴും ഓര്‍ക്കുകയാണ്... അങ്ങനെ പല കഥകളും ബന്ധുക്കളായ മറ്റു കുട്ടികള്‍ക്ക് അഭിനയിച്ച് കാണിച്ചുകൊടുക്കുമായിരുന്നു. തീര്‍ച്ചയായും, നിങ്ങള്‍ക്കുമുണ്ടാകും ഇത്തരത്തിലുള്ള നിരവധി രസകരമായ കാര്യങ്ങള്‍ ഓര്‍ക്കുവാന്‍.
പക്ഷേ, എന്റെ ചോദ്യമിതാണ്, ഈ ഇമാജിനേഷന്റെ (ഭാവന) വല്ല അംശവും നിങ്ങള്ക്കകത്തിപ്പോള് ബാക്കിയിരിപ്പുണ്ടോ? എങ്കില്‍ നിങ്ങള്‍ വലിയ പ്രതിഭയായേനെ. തോമസ് ആല്‍വാ എഡിസണ് ആരാണെന്ന് ഞാന്‍ പറയേണ്ടതില്ലല്ലോ. ഒരു മഹാ പ്രതിഭയായിരുന്ന അദ്ദേഹം പറയുന്നു:
“To invent, you need a good imagination and a pile of jnuk” (കണ്ടുപിടുത്തങ്ങള്‍ നടത്താന്‍ ഭാവന ആവശ്യമാണ്).
ഇനി ആല്‍ബര്‍ട്ട് ഐന്സ്റ്റീന് പറയുന്നത് നോക്കൂ:
“ Imagination is more important than knowledge. For knowledge is limited to all we now know and understand, while imagination embraces the entire world, and all there ever will be to know and understand”
“അറിവിനേക്കാള്‍ പ്രധാനം ഭാവനയാണ്. കാരണം, അറിവ് നാം ഇന്ന് അറിയുന്നതും മനസ്സിലാക്കുന്നതുമായ എല്ലാറ്റിനോടും പരിമിതമാണ്. എന്നാല്‍ ഭാവന മുഴുലോകത്തെയും ഇനിയും അറിയുവാനുള്ളതും മനസ്സിലാക്കുവാനുള്ളതുമായ കാര്യങ്ങളെയും ഉള്‍കൊള്ളുന്നു”
ഒരു പക്ഷി മീനിനെയും കൊത്തി ഉയരങ്ങളിലേക്ക് പറന്നു പോകുമ്പോള്‍ എട്ടുവയസ്സുകാരനായ ആ കുട്ടിപറഞ്ഞു: “ഒരു നാള് നിന്നെപ്പോലെ ഞാനും ഉയരങ്ങളിലേക്ക് പറന്നുപോകും” താന്‍ പറക്കുന്നത് ആ കുട്ടി ഭാവനയില്‍ കാണുകയായിരുന്നു. രാമേശ്വരം എന്ന തമിഴ്നാട്ടിലെ കൊച്ചു ഗ്രാമത്തില്‍ നിന്നും ആദ്യമായി വിമാനത്തില്‍ പറന്നതും അതേ പയ്യനായിരുന്നു. ആര്‍മി ഓഫിസറാകാന്‍ പോയി സെലക്ഷന് കിട്ടാതെ വന്ന്, അവസാനം ഇന്ത്യന്‍ ആര്‍മിയെ മുഴുവനും നിയന്ത്രിക്കുന്ന തരത്തിലുള്ള ഇന്ത്യന്‍ പ്രസിഡന്റായി മാറിയ അബ്ദുള്‍ കലാം എന്ന പ്രതിഭയുടെ അനുഭവമാണിത്.
പക്ഷികളെയും പൂമ്പാറ്റകളെയുമൊക്കെ കണ്ടപ്പോള്‍ ചെറുപ്പത്തില്‍ നമ്മുടെ മനസ്സിലും ഭാവനകള്‍ പീലിവിടര്ത്തിയിരുന്നില്ലേ? എവിടെപ്പോയി ആ ഭാവനയൊക്കെയിപ്പോള്? അവയൊക്കെ കുട്ടികളുടെ ഭാവനയല്ലേയെന്നു പറഞ്ഞു നിങ്ങള്‍ തള്ളുന്നുവെങ്കില്‍ തെറ്റുപറ്റി. ആ ഭാവനയാണ്, അതേ ഭാവനാശക്തിതന്നെയാണ് വളര്‍ന്നു പന്തലിച്ചു പ്രതിഭാശാലിയുടെ ഭാവനയായിത്തീരുന്നത്, അല്ലെങ്കില്‍ ആയിത്തീരേണ്ടത്.
അതേ ഭാവനയാണ് കവിതയും കലയും ജനിപ്പിക്കുന്നത്. ശാസ്ത്രത്തിന്റെ മഹത്തായ കണ്ടുപിടുത്തങ്ങള്‍ ഉണ്ടായിരിക്കുന്നത് ഭാവനയിലൂടെയാണ്. ആ മഹാപ്രതിഭകളുടെ ഭാവനാ ഫലങ്ങള്‍ പലവിധത്തിലും ഞാനും നിങ്ങളും അനുഭവിക്കുന്നു. വിമാനത്തിലും മറ്റും ഇന്ന് നാം യാത്ര ചെയ്യുന്നത് ഒരു ഉദാഹരണം മാത്രം. ഭാവനാ ശക്തി വളര്‍ന്ന് വികസിക്കുമ്പോള്‍ ഇന്നലെ വരെ അസാധ്യമായത് ഇന്ന് സാധ്യായിത്തീരുന്നു. ഭാവനയിലൂടെ മനുഷ്യന് കണ്ടതുമൂലം നാമിന്ന് ആകാശത്തിലൂടെ പറക്കുന്നു – പറന്ന് - പറന്ന് ചന്ദ്രനില്‍ വരെയെത്തി മനുഷ്യന്. ചന്ദ്രനില്‍ നിങ്ങള്‍ പോയിട്ടില്ലെങ്കിലും വിമാന യാത്ര ചെയ്തവര്‍ നിങ്ങളുടെ കൂട്ടത്തില്‍ ഉണ്ടാകുമല്ലോ?
പണ്ടുമുതലേ പറക്കുന്നത് ഭാവിയില്‍ കണ്ടവരാണ് മനുഷ്യര്‍. ഇന്നത് പുലര്‍ന്നിരിക്കുന്നു. ചെറുപ്പത്തില്‍ നിങ്ങള്‍ ചന്ദ്രനെ നോക്കിക്കളിച്ചത് ഓര്‍മയില്ലേ? നിങ്ങള്‍ നടക്കുന്നിടത്തൊക്കെ നടന്നു വരുന്ന അമ്പിളിമാമന്. നിങ്ങള്‍ പോകുന്നിടത്തിക്കെ നിങ്ങളെ പിന്തുടരുന്ന അമ്പിളിമാമന് എന്തുമാത്രം സങ്കല്പങ്ങളും ഭാവനകളും അന്ന് നിങ്ങള്‍ക്കുണ്ടായിരുന്നു. എന്തൊക്കെ സ്വപ്നങ്ങള്‍ അന്നു നിങ്ങള്‍ കണ്ടിരുന്നു. എല്ലാമൊന്ന് ഓര്‍ത്തുനോക്കൂ.
എട്ടിലും ഒമ്പതിലുമൊക്കെ പഠിക്കുന്ന കുട്ടികളെ നിങ്ങള്‍ ശ്രദ്ധിച്ചു നോക്കൂ. അല്ലെങ്കില്‍ ആ പ്രായത്തില്‍ നിങ്ങള്‍ക്കുണ്ടാകുന്ന മാനസികാവസ്ഥയെ കുറിച്ച് ആലോചിച്ചുനോക്കൂ. എന്ത് ചുറുചുറുക്കായിരുന്നു അന്നൊക്കെ. ഏകദേശം ബിരുദത്തിന്റെ പ്രായമായപ്പോഴേക്കും അല്ലെങ്കില്‍ ബിരുദം കഴിയുന്ന പ്രായമായപ്പോഴേക്കും എല്ലാ ചുറുച്ചുറുക്കും ആവിയായിപ്പോയതുപോലെ.
രണ്ടു ബിരുദക്കാര്‍ തമ്മില്‍ കണ്ടുമുട്ടി. ഒരുത്തന് മറ്റവനോട്:
“എന്തൊക്കെയുണ്ടടാ, എന്താ നിന്റെയവസ്ഥ?”
“ ഒന്നും പറയാതിക്കലാ നല്ലത്” – തലതാഴ്ത്തികൊണ്ട് മറ്റെയാള്‍.
“ എന്തേകാര്യം”
“ ഭൂതകാലത്തേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ അത്ഭൂതം പോലെ”
“വര്‍ത്തമാനമോ?”
“വെറുതെ വര്‍ത്തമാനവും പറഞ്ഞിരിക്കുന്നു”
“അപ്പോള്‍ ഭാവിയോ?”
“ഭാവി ... അത് ആവിയായിപ്പോയെന്നാ തോന്നുന്നത്”
ഭാവനകള്‍ നശിച്ചു നിരാശയുടെ കാര്‍മേഘങ്ങള്‍ പടര്‍ന്നു പിടിച്ച മനസ്സുകളായി മാറുന്ന അവസ്ഥ.
ചെറുപ്പത്തില്‍ നമുക്കുണ്ടായിരുന്ന ഈ കഴിവുകള്‍ എങ്ങോട്ടു പോയി എന്ന അവബോധത്തില്‍ നിങ്ങള്‍ എത്തി കഴിഞ്ഞാല്‍ അവയെ നിഷ് പ്രയാസം നിങ്ങള്‍ക്ക് തിരിച്ചുപിടിക്കാന്‍ കഴിയും. അവയെ തിരിച്ചുപിടിക്കുന്നതോടെ നിങ്ങള്‍ക്ക് തിരിച്ചുകിട്ടുന്നത് നിങ്ങളുടെ ജീവിതമാണ്. ജീവിതവിജയമാണ്. ആ വിജയത്തെ അനുഭവിക്കുവാനും അതില്‍ ആന്തരികമായ ആനന്ദം കണ്ടെത്താനുമുള്ള കഴിവുമാണ്. ജോസഫ് ജ്യൂബെര്ട്ട് പറഞ്ഞത്:
“Imagination is the eye of the soul”എന്നാണ്.
അതായത് ‘ഭാവന ആത്മാവിന്റെ കണ്ണാണ്’ എന്ന്. നിങ്ങള്‍ക്ക് നിങ്ങളുടെ ആത്മാവിനെ തിരിച്ചു പിടിക്കാന്‍, നിങ്ങളുടെ അകത്ത് ഉറങ്ങിക്കിടക്കുന്ന അപാരമായ ഊര്‍ജ്ജത്തെ കണ്ടെത്തുവാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്.
നൂറ് ബില്യണിലതികം ന്യൂരോണുകള് നിങ്ങളുടെ മസ്തിഷ്കത്തിനകത്ത് സ്രഷ്ടാവായ ദൈവം നിങ്ങള്‍ക്ക് തന്നിട്ട് അതിനെ ഉപയോകപ്പെടുത്താത്തെ പോയാല്‍ ചിന്താശേഷിയുള്ള മനുഷ്യനെ സംബന്ധിചിടത്തോളം അതിനേക്കാള്‍ വലിയ നഷ്ടമെന്താതാണുള്ളത്? മഹാപ്രതിഭയായ ആല്ബര്ട്ട്ഐന്സ്റ്റിന് ദൈവം നല്കിയ ഈ കഴിവിന്റെ 15-20 ശതമാനം മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ, ബാക്കി ഭാഗം മുഴുവനും ഉപയോഗിക്കപ്പെടാതെ കിടക്കുകയായിരുന്നുവെന്ന് ശാസ്ത്രം പറയുമ്പോള്‍ എന്റെയും നിങ്ങളുടെയുമൊക്കെ മസ്തിഷ്കത്തിന്റെ എത്ര ശതമാനം ഉപയോഗിക്കപ്പെട്ടിട്ടുണ്ടാകും എന്ന് ആലോചിച്ചു നോക്കൂ.
നിങ്ങളുടെ മസ്തിഷ്കത്തിന്റെ 30 % മാത്രമേ ഉപയോഗപ്പെടുത്താവൂ എന്ന് ഖുര്‍ആനിലോ മറ്റേതെങ്കിലും ഗ്രന്ഥത്തിലോ ഉണ്ടോ? 50%, 60%, 70% അങ്ങനെ വല്ലതുമുണ്ടോ? ഇല്ലല്ലോ! എങ്കില്‍ എന്തിനു നമ്മള് മടിച്ചു നില്കണം? അറച്ചുനില്‍ക്കണം? ലാപ്ടോപ്പും കമ്പ്യൂട്ടറും റോബോട്ടും മറ്റും അത്ഭുത പ്രതിഭാസങ്ങളുമൊക്കെ കണ്ടുപിടിച്ച ഈ മസ്തിഷ്കത്തിന്റെ ബാക്കി ഭാഗങ്ങള്‍ കൂടി നമുക്ക് ഉപയോഗിച്ചുകൂടെ?
തീര്‍ച്ചയായും ഒരു തടസ്സം അവിടെയുണ്ട്. ആ തടസ്സത്തെ നീക്കം ചെയ്യാതെ , നാം പോകുന്നിടത്തൊക്കെ കൊണ്ടുപോകുന്ന ഈ മസ്തിഷ്കത്തിന്റെ അപാരത തിരിച്ചറിയാനും ഉപയോഗപ്പെടുത്താനും നമുക്ക് സാധ്യമല്ല.
എന്താണതിലെ തടസ്സം? ചെരുപ്പകാലത്ത് നമ്മിലേക്ക് അടിച്ചേല്‍പ്പിക്കപ്പെട്ട നിരവധി കണ്ടീഷനുകള്‍. കണ്ടീഷനിംഗിന് മലയാളത്തില്‍ എന്തു പറയും? അനുശീലനങ്ങള്‍ എന്നും പറയാം.
“ നീയൊന്നും നന്നാവില്ല, അസത്ത്, ഒന്നിന്നും കൊള്ളാത്തവന്‍ - രക്ഷിതാക്കളുടെ വക.
“ ഗുരുത്വം കെട്ടവന്, ഗതിപിടിക്കാത്തവന്, നീയൊന്നും നന്നാവാന്‍ പോകുന്നില്ല” – അധ്യാപകന്മാരുടെ വക.
ചെറുപ്പത്തില്‍ കിട്ടിയ ഇത്തരത്തിലുള്ള നിരവധി കണ്ടീഷനിങ്ങുകള്‍ നിങ്ങളുടെ മനസ്സില്‍ ഇപ്പോള്‍ പൊന്തിവരുന്നില്ലേ? വരും. അത് വരാതിരിക്കില്ല. കാരണം അവയെ കുറിച്ചുള്ള ചിന്തയാണ്, അവയെകുറിച്ചുള്ള ഓര്‍മകളാണ് മനസ്സിനകത്ത് ഇപ്പോഴും കളിക്കുന്നത്. അവ ഒളിഞ്ഞും തെളിഞ്ഞും നമ്മെ ആക്രമിച്ചുകൊണ്ടിരിക്കും. അതങ്ങനെയാണ്. അതിന്റെ ഘടനയും സ്വാഭാവവും അങ്ങനെയാണ്.
ഓര്‍ക്കുക! സുഹൃത്തുക്കളേ; എല്ലാ പ്രതിഭകളും പ്രതിഭകളായിത്തീര്ന്നത് ഇത്തരത്തിലുള്ള മാനസ്സിക കണ്ടീഷനിങ്ങുകളെ തള്ളിതകര്ത്തു കൊണ്ടാണ്. അവ തകര്‍ക്കപ്പെടാതെ നിങ്ങള്‍ക്ക് നിങ്ങളുടെ മസ്തിഷ്കത്തെ ഉപയോഗിക്കുവാന്‍ സാധിക്കുകയില്ല.
അതിനാല്‍ എന്തൊക്കെ കണ്ടീഷനിങ്ങുകളാണ് നമ്മെ പരാജയത്തിലേക്കു നയിക്കുന്നത്, പിന്നോട്ട് പിടിച്ചുവലിക്കുന്നത് എന്ന് ആദ്യം നാം തിരിച്ചറിയെണ്ടതുണ്ട്. അപ്പോള്‍ നഷ്ടപ്പെട്ടുപോയ ഭാവനാ ശേഷിയെ നമുക്ക് തിരിച്ചു പിടിക്കാന്‍ സാധിക്കും. അപ്പോള്‍ ലാപ്ടോപ്പ് കണ്ടുപിടിച്ച ‘നെക്ക് ടോപി’നെ (കഴുത്തിന് മുകളിലുള്ള മസ്തിഷ്കം) നമുക്ക് ശക്തമായ രീതിയില്‍ ഉപയോഗപ്പെടുത്താന്‍ കഴിയും. നൂറ് ബില്യണിലധികം ന്യൂറോണുകളുള്ള ഈ നെക്ക് ടോപ്പിന്റെ ശക്തി അപാരം തന്നെയാണ്. നിങ്ങളുടെ ഭാവനാശേഷിയുടെ സീമയ്ക്കും അപ്പുറമാണത്തിന്റെ കഴിവുകള്‍.
ആ കഴിവുകള്‍ ഉപയോഗപ്പെടുത്താന്‍ സാധിച്ചാല്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന നേട്ടങ്ങള്‍ നേടാന്‍ നിങ്ങള്‍ക്ക് സാധിക്കും!
ഓരോ കണ്ടീഷനിങ്ങുകളും പരിമിതികളും ശാസ്ത്രിയമായി പഠിക്കുന്നതിനുമുമ്പ് പ്രതിഭയ്ക്കു വേണ്ടുന്ന ആറുകാര്യങ്ങളിലെ ബാക്കി അഞ്ചുകാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം; വരും അധ്യായങ്ങളിലൂടെ.
നിങ്ങളുടെ മക്കളെ, പ്രതേകിച്ചു ടീനേജ് കുട്ടികളെ നിങ്ങള്‍ സ്നേഹിക്കുന്നുവെങ്കില്‍ ഈ പുസ്തകം നിങ്ങള്‍ അവര്‍ക്ക് വാങ്ങിച്ചു കൊടുക്കുക. നിങ്ങളുടെ കഴിവുകള്‍ നിങ്ങള്‍ക്ക് തിരിച്ചറിയണമെന്നുണ്ടെങ്കില്‍ നിങ്ങളും ഈ പുസ്തകം വായിക്കുക.