Author - അഡ്വ: മുഈനുദ്ദീന്
Product Code: | |
Availability: | In Stock |
Book Information | |
Publishing Date | March 2017 |
Category | ''Life Book'' |
Publisher | Renaissance Books, kannur |
പുസ്തകത്തെ കുറിച്ച്
ഫാതിഹയുടെ അകംപൊരുള്‍ ഒരാളില്‍ സംഭവിച്ചുകഴിഞ്ഞാല്‍ അയാളുടെ സത്തമുഴുവന്‍ പ്രകാശപൂരിതമായിത്തീര്‍ന്നു. അവന്റെ ആത്മാവ് മുഴുവന്‍ പ്രകാശമാണ്. ഇരുട്ടിന് പിന്നെ അവിടേക്ക് പ്രവേശനമില്ല. അവന്റെ ആത്മാവിന്റെ ആ തേജസ്സ്, ആ സൗന്ദര്യം, ആ ശാന്തത, ആ കാരുണ്യം, ആ സ്നേഹം, ആ സമാധാനം... അതൊന്ന് അനുഭവിച്ചറിയാനുള്ളത് തന്നെയാണ്. ആ പ്രകാശത്തിലും ആ സമാധാനത്തിലുമാണ് അയാള്‍ ജീവിക്കുന്നത്. ഓരോനിമിഷത്തിലും അയാള്‍ ആ ശാന്തി നുകര്‍ന്നു കുടിക്കുന്നു. പ്രശാന്തിയുടെ ഈ പരിപൂര്ണപാതയുടെ മൂന്നാം ഭാഗത്തിലേക്ക് നിങ്ങള്‍ക്ക് സ്വാഗതം...!!
ജീവിതമെന്നത് ഒരു മഹാസാഗരമാണ്. മുത്തുകളും പവിഴങ്ങളുമടക്കമുള്ള ശതകോടിക്കണക്കിന് അനുഗ്രഹങ്ങള്‍ നിറഞ്ഞ ഒരു മഹാസാഗരം. നിങ്ങള്‍ ഒരു കപ്പുമായാണ് ആ മഹാസാഗരത്തെ സമീപിക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക് ഒരു കപ്പില്‍ നിറയെയുള്ള മുത്തുകള്‍ ലഭിക്കും. നിങ്ങള്‍ ഒരു ബക്കറ്റുമായാണ് പോവുന്നതെങ്കില്‍ ആ ബക്കറ്റ് ഉള്‍ക്കൊള്ളുന്നത് നിങ്ങള്‍ക്ക് കിട്ടും. എന്നാല്‍ നിങ്ങള്‍ വലിയ ബാരലുമായാണ് ആ മുത്തുകള്‍ വാരാന്‍ പോകുന്നതെങ്കില്‍ ആ ബാരല്‍ മുഴുവന്‍ മുത്തുകള്‍ നിങ്ങള്‍ക്ക് ലഭിക്കും. എല്ലാം നിങ്ങള്‍ കൊണ്ടുപോകുന്നതിനെ ആശ്രയിച്ചിരിക്കുന്നു.
ജീവിതത്തെ ഒരാള്‍ അറിയാന്‍ ആരംഭിച്ചാലുള്ള അവസ്ഥയും ഇതാണ്. ജീവിതം അതിവിപുലമാണ്. സമൃദ്ധികള്കൊണ്ട് അത് നിറക്കപ്പെട്ടിരിക്കുന്നു. അറിയുംതോറും കൂടുതല്‍ കൂടുതല്‍ അറിയാനുള്ള യാഥാര്‍ഥ്യം നിങ്ങള്‍ക്കു മുമ്പില്‍ മിഴിതുറക്കുന്നു. അല്ലാഹു പറയുന്നത് നോക്കൂ:
‘‘ഭൂമിയിലുള്ള വൃക്ഷമെല്ലാം പേനയായിരിക്കുകയും സമുദ്രം മഷിയാവുകയും അതിനു പുറമെ ഏഴ് സമുദ്രങ്ങള്‍ അതിനെ പരിപോഷിപ്പിക്കുകയും ചെയ്താലും അല്ലാഹുവിന്റെ വചനങ്ങള്‍ എഴുതിത്തീരുകയില്ല. തീര്‍ച്ചയായും അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു.’’ (31:27)
അറിയുക, സാഗരത്തിന്റെ ആഴങ്ങളിലേക്ക് പോകുംതോറും അതിന്റെ മനോഹാരിത കൂടിക്കൊണ്ടേയിരിക്കുകയാണ്. കരയിലേതിനേക്കാള്‍ ഒരുപാട് നയനമനോഹരങ്ങളായ കാഴ്ചകളാണ് കടലിനടിയിലുള്ളത്. ജീവിതവും ഇപ്രകാരം തന്നെയാണ്. ജീവിതത്തിന്റെ പുറം പരിധിയില്‍നിന്ന് വീക്ഷിക്കുന്ന ഒരാള്‍ക്ക് കടലിന്റെ പുറം പരിധിയായ തിരമാലകളെ കാണുംപോലെയാണ്. തിരമാലകള്‍ എപ്പോഴും ശബ്ദമുഖരിതമായി അടിച്ചുകൊണ്ടേയിരിക്കുകയാണ്. ഇപ്രകാരം തന്നെ ജീവിതത്തെ കേവലം അവനവന്റെ തെറ്റായ അനുഭവങ്ങള്‍ക്കനുസരിച്ച് വ്യാഖ്യാനിക്കുന്നവര്‍ക്ക് പ്രശ്നങ്ങളും പ്രയാസങ്ങളും ടെന്‍ഷനും ദുരിതങ്ങളുമൊക്കെ നിറഞ്ഞതായി കാണപ്പെടും. എന്നാല്‍ ജീവിതത്തെ നിങ്ങള്‍ നിങ്ങളുടെ എല്ലാ കണ്ണടകളും വ്യാഖ്യാനങ്ങളും മാറ്റിവെച്ചുകൊണ്ട് അതിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയാണങ്കില് നിങ്ങള്‍ അത്ഭുതപ്പെട്ടുപോകും. ജീവിതത്തില്‍ ആദ്യമായി നിങ്ങള്‍ അറിയും എത്ര മനോഹരമാണ് ജീവിതമെന്ന്, എത്ര ആനന്ദദായകമാണ് ജീവിതമെന്ന്. നിങ്ങള്‍ ഇറങ്ങേണ്ടതുണ്ട്. തിരമാലകളുടെ അലയടികള്‍ പേടിച്ച് നിങ്ങള്‍ ഇറങ്ങുന്നില്ലയെങ്കില് നിങ്ങള്‍ക്ക് കടലിന്റെ ആഴങ്ങളില്‍ എത്താന്‍ സാധിക്കുകയില്ല.
അറിയുക, തിരമാലകള്‍ അതിന്റെ മുകള്‍ പരപ്പില്‍ മാത്രമേ ഉള്ളൂ. ആഴത്തില്‍ തിരമാലകളില്ല. നല്ല ധൈര്യം നിങ്ങള്‍ക്ക് ആവശ്യമാണ്. ഭീരുക്കള്‍ക്ക് ജീവിതത്തിന്റെ ആഴങ്ങളിലേക്ക് പോകാന്‍ സാധിക്കുകയില്ല. അവര്‍ കടല്ക്കരയില് ഇരുന്നുകൊണ്ട് തിരമാലകളെ നോക്കി എന്നും പഴിചാരിക്കൊണ്ടേയിരിക്കും, പരാതിപ്പെട്ടുകൊണ്ടേയിരിക്കും. ഒന്ന് കാലെടുത്ത് വെക്കാന്പോലും അവര്‍ക്ക് ധൈര്യമില്ല. ഒന്ന് കാലെടുത്ത് വെച്ചിരുന്നുവെങ്കില്‍ അത്രയും അനുഭവം അവര്‍ക്ക് കിട്ടുമായിരുന്നു. ആ അനുഭവം അല്പം ധൈര്യം ലഭിക്കാന്‍ കാരണമാകുമായിരുന്നു.
ജീവിതത്തിന്റെ ആഴങ്ങളിലേക്കിറങ്ങാന്‍ അസാമാന്യമായ ധൈര്യം തന്നെ വേണം. കാരണം, അവിടെ നിങ്ങള്‍ അഭിമുഖീകരിക്കുക നിങ്ങളെ തന്നെയാണ്. നിങ്ങളുടെ ഈഗോകള്‍, നിങ്ങളുടെ ദേഷ്യം, നിങ്ങളുടെ വെറുപ്പുകള്‍, നിങ്ങളുടെ അസൂയകള് അങ്ങനെ നിങ്ങളുടെ നൂറുകൂട്ടം പഴുപ്പുകളെ നിങ്ങള്‍ അഭിമുഖീകരിക്കേണ്ടതുണ്ട്. ഈ തിരമാലകളെയൊക്കെ അഭിമുഖീകരിക്കാന്‍ അത്യസാ ധാരണമായ ധൈര്യം നിങ്ങള്‍ സംഭരിക്കേണ്ടതുണ്ട്.
എന്നാല്‍ ധൈര്യം സംഭരിച്ച് ആഴങ്ങളില്‍ എത്തുമ്പോള്‍ നിങ്ങള്‍ അറിയും ആ പഴുപ്പുകളൊക്കെ പോകേണ്ടത് തന്നെയായിരുന്നു. ഞാന്‍ അല്പം വൈകിപ്പോയി. നേരത്തേ അവ പോക്കണമായിരുന്നു. നിങ്ങള്‍ ആഴത്തില്‍ കരഞ്ഞുപോകും. ആ പഴുപ്പുകള്‍ പോകുമ്പോള്‍ വന്നുചേരുന്ന ആന്തരിക ആനന്ദത്തിന്റെയും (ഖല്‍ബുന്‍ മുത്മഇന്ന) സമാധാനത്തിന്റെയും (സക്കീനത്ത്) നിര്‍വൃതി കാരണം നിങ്ങള്‍ കരഞ്ഞുപോകും. മുമ്പേ ഞാനിവ കളഞ്ഞിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നു എന്നാലോചിച്ച് നിങ്ങളുടെ കണ്ണുകള്‍ നനഞ്ഞുപോകും. അത്രമാത്രം ആനന്ദലഹരിയാണ് നമുക്കകത്തുള്ള നെഗറ്റീവുകളാകുന്ന പഴുപ്പുകളെ നീക്കം ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് ലഭിക്കുക.
നിങ്ങളുടെ സത്തയുടെ ഒരു കോണില്‍ പോലും ഇരുട്ട് അവശേഷിക്കാന്‍ ഫാതിഹ നിങ്ങളെ അനുവദിക്കുകയില്ല. അത് കൂര്‍ക്കം വലിച്ച് ഉറങ്ങുന്നവനെ വിളിച്ചുണര്ത്തുകതന്നെ ചെയ്യും. അബോധത്തിന്റെ (ഗഫ്ലത്ത്) അവസാനത്തെ തലംവരെ അത് നുഴഞ്ഞു കയറും. സാധാരണമായതിനെ (ordinary) അസാധാരണമാക്കുന്നതിനുള്ള (extraordinary) മാര്‍ഗങ്ങളെ കുറിച്ച് അത് നിങ്ങളോട് സംസാരിക്കുന്നു. അതിന്റെ രാസവിദ്യയെക്കുറിച്ച് അത് ചര്‍ച്ചചെയ്യുന്നു.
ഫാതിഹ നിങ്ങളില്‍ ഒരു അനുഭവമായി മാറുന്നതോടെ മഹത്തായ ഒരു ആനന്ദം (ഖല്‍ബുന്‍ മുത്മഇന്ന) നിങ്ങളില്‍ ഉറവെടുക്കാന്‍ തുടങ്ങുന്നു. ഫാതിഹയുടെ സുഗന്ധം നിങ്ങളില്‍ നിന്നും നിര്‍ഗളിക്കാന്‍ തുടങ്ങുന്നു. അത് നിങ്ങളുടെതന്നെ സുഗന്ധമായി മാറുന്നു. അത് നിങ്ങളുടെ തന്നെ പുഷ്പീകരണമായി മാറുന്നു.
ഒരായിരം വസന്തങ്ങള്‍ നിങ്ങള്ക്കകത്ത് വിരിയുന്നു. വസന്തം വരുമ്പോള്‍ തളിരുകള്‍ താനെ കിളിര്‍ത്തുവരുന്നതുപോലെ ഫാതിഹ നിങ്ങളുടെ അനുഭവമായി മാറുമ്പോള്‍ മഹത്തായ ഒരു ആന്തരിക ആനന്ദം (ഖല്‍ബുന്‍ മുത്മഇന്ന) നിങ്ങളില്‍ ഉറവ് പൊട്ടിവരുന്നത് നിങ്ങള്‍ക്ക് അനുഭവിക്കാനാകുന്നു.
ജീവിതത്തിന്റെ ആഴങ്ങളിലേക്കിറങ്ങാന്‍ ഞാന്‍ നിങ്ങളെ ക്ഷണിക്കുകയാണ്. ധൈര്യസമേതം തയ്യാറാവുക. ലഭിക്കുവാനുള്ളത് അതിരുകളില്ലാത്ത ആന്തരിക ആനന്ദമാണ് (ഖല്‍ബുന്‍ മുത്മഇന്ന). ഒപ്പം ജീവിതത്തിന്റെ രണ്ടാം പകുതിയില്‍, പരലോകത്ത് അനശ്വരമായ സ്വര്‍ഗവും.
‘‘അപ്പോള്‍ ഏതൊരാള്‍ തന്റെ രക്ഷിതാവിന്റെ സ്ഥാനത്തെ ഭയപ്പെടുകയും, മനസ്സിനെ തന്നിഷ്ടത്തില്‍ നിന്ന് വിലക്കി നിര്‍ത്തുകയും ചെയ്തുവോ (അവന്ന്) സ്വര്‍ഗം തന്നെയാണ് സങ്കേതം.’’ (79:40-41)
സ്വന്തത്തെ അഭിമുഖീകരിക്കാനുള്ള, സ്വന്തം പഴുപ്പുകളെ അഭിമുഖീകരിക്കാനുള്ള സകല ധൈര്യങ്ങളും നിങ്ങളുടെ ഓരോ കോശങ്ങളിലും ഇപ്പോള്‍ നിറഞ്ഞു കഴിഞ്ഞു. മനസ്സിന്റെ തന്നിഷ്ടങ്ങളെ നേരിടാനുള്ള ധൈര്യം നിങ്ങള്ക്കകത്ത് നിറഞ്ഞുകഴിഞ്ഞു. ഇനി എടുത്ത് ചാടുക. ജീവിതമാകുന്ന ഈ മഹാ സാഗരത്തിലേക്ക്, ആ സാഗരത്തെ വിശദീകരിക്കുന്ന Lifebook സീരീസിന്റെ മൂന്നാം ഭാഗത്തിലേക്ക് എടുത്ത് ചാടുക. ശേഷം ആ ജീവിതത്തിന്റെ ആഴങ്ങളിലേക്ക് ഊളിയിട്ട് പോവുക... നിങ്ങളെ കാത്തിരിക്കുന്നത് അതി സുന്ദരമായ മുത്തുകളും പവിഴപ്പുറ്റുകളുമൊക്കെയാണ്... സന്തോഷത്തിന്റെയും സമാധാനത്തിന്റെയും തിളങ്ങുന്ന വിവിധ വര്‍ണങ്ങളിലുള്ള പവിഴപ്പുറ്റുകള്‍... എല്ലാം നിങ്ങള്‍ക്ക് വേണ്ടി ഒരുക്കിവെക്കപ്പെട്ടതാണ്. എല്ലാം നിങ്ങള്‍ക്ക് വേണ്ടി സജ്ജീകരിക്കപ്പെട്ടതാണ്. എല്ലാം നിങ്ങളുടെ ജന്മാവകാശമാണ്.
പ്രശാന്തിയുടെ പരിപൂര്ണപാതയിലേക്ക് വീണ്ടും നിങ്ങള്‍ക്ക് സ്വാഗതം.
സ്നേഹാശംസകളോടെ,
മുഈനുദ്ദീന്
അടുത്തതായി നമുക്ക് ജീവിതത്തിലെ എല്ലാ സംഗതികളെയും നെഗറ്റീവായി കാണിക്കുന്ന പിശാചിന്റെ ലക്ഷ്യവും അതിന്റെ കാരണങ്ങളുമാണ് ചര്‍ച്ച ചെയ്യാനുള്ളത്. അത് പോലെതന്നെ, ഈഗോയിലൂടെ ശാരീരിക രോഗങ്ങള്‍ അഥവാ മനോജന്യ രോഗങ്ങള്‍ എങ്ങനെ പിടിപെടുന്നുവെന്ന് ആധുനിക വൈദ്യശാസ്ത്രം കണ്ടെത്തിയ തെളിവുകളിലൂടെ കടന്നുപോകേണ്ടതുണ്ട്. നെഗറ്റീവ് ചിന്തകളിലൂടെ എങ്ങനെ, എന്തൊക്കെ ശാരീരിക രോഗങ്ങള്‍ മനുഷ്യന് പിടിപെടുന്നുമെന്നതും നമുക്ക് അറിയാനുണ്ട്.
എന്നാല്‍ ഇവയ്ക്കൊക്കെ പുറമെ വളരെ പ്രധാനപ്പെട്ട ചിലത് എനിക്ക് നിങ്ങളോട് പറയാനുണ്ട്. ആ ചിലത് നിങ്ങളുടെ ജീവിതത്തെ സംബന്ധിച്ചിടത്തോളം വളരെ അര്‍ഥവത്തായതാണ്. ആ ചിലത് നിങ്ങളുടെ ജീവിതത്തിന്റെ മോക്ഷ ഹേതുവാണ്. അതിനാല്‍ അവയെ കുറിച്ച് അറിഞ്ഞ ശേഷമാകാം മുകളില്‍ പറഞ്ഞ മറ്റുവിഷയങ്ങളിലേക്കുള്ള പ്രവേശം.
ആദ്യമായി അറിയുക, ഫാതിഹയെകുറിച്ച് അല്ലാഹു ഖുര്‍ആനില്‍ പറഞ്ഞത് ആവര്‍ത്തിതമായ ഏഴു വചനങ്ങള്‍ എന്നാണ്. ആദ്യമായി ആ വചനം കാണുക:
‘‘ആവര്‍ത്തിച്ചു പാരായണം ചെയ്യപ്പെടുന്ന ഏഴ് വചനങ്ങളും, മഹത്തായ ഖുര്‍ആനും തീര്‍ച്ചയായും നാം നിനക്ക് നല്‍കിയിട്ടുണ്ട്.’’ (15:87)
രണ്ടുവാക്കുകള്‍ ഈ വചനത്തില്‍ വളരെ പ്രസക്തമാണ്. ഒന്ന്, ആവര്‍ത്തനം. ആവര്‍ത്തനം എന്നത് ആന്തരിക പരിവര്‍ത്തനത്തിന്റെ അടിസ്ഥാന ഘടകമാണ്. ആവര്‍ത്തനത്തിലെ അത്ഭുതങ്ങള്‍ ആധുനികന് തീര്‍ച്ചയായും പറഞ്ഞുകൊടുക്കേണ്ടതുണ്ട്. ഹൃദയത്തില്‍ നിന്നും തലയിലേക്ക് ജീവിതം പറിച്ചുനടപ്പെട്ട ആധുനികന് ആവര്‍ത്തനത്തിലെ അത്ഭുതരഹസ്യങ്ങളും അതിലെ അത്ഭുതസിദ്ധികളും നഷ്ടപ്പെട്ടിരിക്കുകയാണ്.
ഇവിടെ എന്റെ വിഷയം അതല്ലാത്തതിനാല്‍ അതിനെകുറിച്ച് ഞാന്‍ ഒന്നും ഇപ്പോള്‍ പറയുന്നില്ല. ഖുര്‍ആനിന്റെ ഒരുപാട് പ്രത്യേകതകളില്‍ ഒന്നാണത്, കാര്യങ്ങളെ ആവര്‍ത്തിച്ചു പറയുക എന്നത്. ഖുര്‍ആന്‍ തന്നെ ഈ ആവര്‍ത്തനത്തെ കുറിച്ച് പറയുന്നത് നോക്കൂ:
‘‘അല്ലാഹുവാണ് ഏറ്റവും ഉത്തമമായ വര്‍ത്തമാനം അവതരിപ്പിച്ചിരിക്കുന്നത്. അഥവാ വചനങ്ങള്‍ക്ക് പരസ്പരം സാമ്യമുള്ളതും ആവര്‍ത്തിക്കപ്പെടുന്ന വചനങ്ങളുള്ളതുമായ ഒരു ഗ്രന്ഥം...’’ (39:23)
ആവര്‍ത്തിക്കപ്പെടുന്ന വചനങ്ങളുള്ളതുമായ ഗ്രന്ഥമാണ് ഖുര്‍ആനെന്ന് ഖുര്‍ആനിനെകുറിച്ച് തന്നെ പറയുന്നു. അപ്പോള്‍ ആ ആവര്‍ത്തനത്തില്‍ എന്തോ രഹസ്യ കലവറകള്‍ ഉണ്ടായിരിക്കില്ലേ? അല്ലാഹു അവന്റെ കലാമിനെ ആവര്‍ത്തിച്ചു പറയുമ്പോള്‍, അങ്ങനെ ആവര്‍ത്തിച്ചു പറയുന്നതാണ് ഖുര്‍ആന്‍ എന്ന് പറയുമ്പോള്‍ അതില്‍ മനുഷ്യന്റെ ആന്തരിക പരിവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുന്ന ചിലതൊക്കെ ഒളിഞ്ഞു കിടക്കുന്നുണ്ട്.
മൂസ നബി(അ)യുടെ ചരിത്രം എത്ര തവണയാണ് ഖുര്‍ആന്‍ ആവര്‍ത്തിച്ചുപറയുന്നത്. സ്വാലിഹ്, ഹൂദ് അങ്ങനെ പല ചരിത്രങ്ങളും അല്ലാഹു ആവര്‍ത്തിച്ചു പറയുന്നതിന്റെ ശാസ്ത്രം നിങ്ങള്‍ അറിഞ്ഞിരുന്നുവെങ്കില്‍ ആ അറിവ് തന്നെ നിങ്ങള്‍ക്ക് മതിയായിരുന്നു. ഈ ആവര്‍ത്തന രസതന്ത്രത്തെ കുറിച്ച് അല്പം വിശദമായി ഞാന്‍ ‘ഖുര്‍ആനിന്റെ ഭാഷാവൈഭവം, അത്ഭുതങ്ങളുടെ അത്ഭുതം’ എന്ന പുസ്തകത്തില്‍ വിശദീകരിച്ചിട്ടുണ്ട്. നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ട ചില ഉദാഹരണങ്ങളൊക്കെ ചേര്‍ത്തുകൊണ്ടാണ് അവിടെ വിശദീകരിച്ചത്. നിങ്ങള്‍ ഖുര്‍ആനിനെ സ്നേഹിക്കുന്നവരാണെങ്കില്‍ ആ പുസ്തകം വായിക്കുക.
15:87ലെ വചനത്തിലെ രണ്ടാമത്തെ പ്രസക്തമായ വാക്ക് ‘ഏഴ്’ എന്നതാണ്. ‘ഏഴ്’ എന്നത് ഈ പ്രപഞ്ചത്തിലെ ഒരു മഹാത്ഭുത സംഖ്യയാണ്. പ്രപഞ്ചത്തിലെ ഒരു മാജിക്കല്‍ നമ്പറാണത്.
ആകാശത്തിലേക്ക് നിങ്ങള്‍ നോക്കിയാല്‍ കാണുന്ന മഴവില്ല്. ഏഴുവര്ണങ്ങളാണ് അല്ലാഹു ആകാശത്തുള്ള മഴവില്ലിന് നല്‍കിയിരിക്കുന്നത്. ‘സപ്തവര്ണങ്ങള് സംഗമിച്ച മാരിവില്ല്’ എന്നൊക്കെ കഥാകാരന്മാരും കവികളുമൊക്കെ വര്‍ണിക്കുന്നത് നിങ്ങള്‍ കേട്ടിട്ടുണ്ടാകും. ചിലപ്പോള്‍ വായിച്ചിട്ടുണ്ടാകും. ആ മഴവില്ലിന്റെ വര്‍ണങ്ങള്‍ ഏഴാണ്. അവ ഉള്‍കൊള്ളുന്ന ആകാശത്തിന്റെ എണ്ണവും ഏഴാണ്. സപ്തം അല്ലെങ്കില്‍ ഏഴ് എന്നത് വളരെ ആഴത്തില്‍ നിങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്. അപ്പോഴാണ് അല്ലാഹു മനുഷ്യരാശിക്ക് നല്കിയ ഫാതിഹയാകുന്ന ഏഴ് വചനങ്ങളുടെ അത്ഭുതം ഒന്നുകൂടി ആഴത്തില്‍ നിങ്ങള്‍ക്ക് ബോധ്യപ്പെടുക.
ഈ പുസ്തകത്തിന്റെ പരമ്പരയില്‍ തന്നെ വളരെ വിശദമായി ഏഴിന്റെ പ്രത്യേകതകള്‍ ചര്‍ച്ചക്ക് വരുന്നുണ്ട്. അല്ലാഹു പറയുന്നത് നോക്കൂ:
‘‘അല്ലാഹുവാകുന്നു ഏഴ് ആകാശങ്ങളും അവയ്ക്കു തുല്യമായതും സൃഷ്ടിച്ചവന്. അവയ്ക്കിടയില്‍ (അവന്റെ) കല്പന ഇറങ്ങുന്നു. അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു എന്നും ഏതു വസ്തുവെയും ചൂഴ്ന്ന് അറിയുന്നവനായിരിക്കുന്നു എന്നും നിങ്ങള്‍ മനസ്സിലാക്കുവാന്‍ വേണ്ടി.’’ (65:12)
‘‘നിങ്ങള്‍ കണ്ടില്ലേ; എങ്ങനെയാണ് അല്ലാഹു അടുക്കുകളായിട്ട് ഏഴ് ആകാശങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത് എന്ന്?’’ (71:15)
‘‘ഏഴ് ആകാശങ്ങളും ഭൂമിയും അവയിലുള്ളവരും അവന്റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുന്നു. യാതൊരു വസ്തുവും അവനെ സ്തുതിച്ചുകൊണ്ട് (അവന്റെ) പരിശുദ്ധിയെ പ്രകീര്‍ത്തിക്കാത്തതായി ഇല്ല. പക്ഷെ അവരുടെ കീര്‍ത്തനം നിങ്ങള്‍ ഗ്രഹിക്കുകയില്ല. തീര്‍ച്ചയായും അവന് സഹനശീലനും ഏറെ പൊറുക്കുന്നവനുമാകുന്നു.’’ (17:44)
മറ്റൊരിടത്ത് അല്ലാഹു പറയുന്നത് നോക്കൂ:
‘‘നിങ്ങള്‍ക്കു മീതെ ബലിഷ്ഠമായ ഏഴ് ആകാശങ്ങള്‍ നാം നിര്മ്മി ക്കുകയും ചെയ്തിരിക്കുന്നു.’’ (78:12)
‘‘തീര്‍ച്ചയായും നിങ്ങള്‍ക്ക് മീതെ നാം ഏഴ് പഥങ്ങള്‍ (ആകാശങ്ങള്‍) സൃഷ്ടിച്ചിട്ടുണ്ട്. സൃഷ്ടിയെപ്പറ്റി നാം അശ്രദ്ധനായിരുന്നിട്ടില്ല.’’(23:17)
ഒന്നും ഞാന്‍ വിശദീരിക്കുന്നില്ല. കാരണം, ഏഴിന്റെ അഴകിനെ കുറിച്ചും പ്രത്യേകതകളെ കുറിച്ചും വളരെ വിശദമായി ഈ പുസ്തകത്തില്‍ തന്നെ പിന്നീട് വരുന്നുണ്ട്. അറിയുക, ഏഴ് ഒരത്ഭുതം തന്നെയാണ്. ആകാശലോകങ്ങള്‍ ഏഴാണെങ്കില്‍ സൂക്ഷ്മതലത്തിലേക്ക് വരുമ്പോള്‍ അവിടെയും ഏഴാണ് വാഴുന്നത്. ആറ്റമിക ലോകങ്ങളെ നിരീക്ഷിക്കുമ്പോഴും തന്മാത്രയുടെ ലോകത്തേക്ക് പോകുമ്പോഴും ഈ ഏഴ് അവിടെയും കാണാം.
ഒരു നൈട്രജന്‍ ആറ്റത്തെ നിങ്ങള്‍ നിരീക്ഷിക്കുകയാണെങ്കില്‍ കൃത്യമായും ഏഴ് പ്രോട്ടോണുകളെ നിങ്ങള്‍ക്കതില്‍ കാണാം. ഏഴ് ന്യൂട്രോണുകളെയും ഏഴ് ഇലക്ട്രോണുകളെയും നിങ്ങള്‍ക്കവയില്‍ കാണാം. സൃഷ്ടിപ്പിന്റെ ഏറ്റവും സൂക്ഷ്മമായ ആറ്റങ്ങളിലും ഏറ്റവും വ്യക്തമായിക്കാണുന്ന ആകാശ ലോകങ്ങളിലും ഈ ഏഴ് ഒരു അത്ഭുത നമ്പറായി നിലനില്ക്കുന്നു. അതേ അത്ഭുത നമ്പറായ ഏഴ് വചനങ്ങളാണ് മനുഷ്യന് വേണ്ടി സ്രഷ്ടാവ് ഫാതിഹയിലൂടെ നല്‍കിയിരിക്കുന്നത്.
ഭൂമിയുടെ പാളികള്‍ ഏഴാണെന്നും ആഴ്ചയിലെ ദിവസങ്ങള്‍ ഏഴാണെന്നുമൊക്കെ അറിയുന്ന നിങ്ങള്‍ക്ക് പ്രവാചക(സ)ന്റെ രണ്ടു വചനങ്ങള്‍ നല്‍കാം. രണ്ടും ബുഖാരി റിപ്പോര്‍ട്ട് ചെയ്തതാണ്.
‘‘ഇവിടെ ഇമാം ബുഖാരി രണ്ട് ഹദീസുകള്‍ ഉദ്ധരിക്കുന്നുണ്ട്, ഒന്നാമത്തേത്: അബൂ സഈദിനില്‍ മുഅല്ലാ(റ) പറയുന്നു: ഞാന്‍ നമസ്കരിച്ചുകൊണ്ടിരിക്കേ നബി(സ) എന്റെ അടുത്തുകൂടി പോകുകയുണ്ടായി, അപ്പോള്‍ അദ്ദേഹം എന്നെ വിളിച്ചു, പക്ഷേ നമസ്കരിച്ചു തീരുന്നതുവരേ ഞാന്‍ അദ്ദേഹത്തിന്റെ അടുക്കലേക്ക് പോയില്ല, ശേഷം ഞാന്‍ അദ്ധേഹത്തിന്റെ അരികിലേക്ക് ചെന്നപ്പോള്‍ അവിടുന്ന് എന്നോടു ചോദിച്ചു: എന്റെ അടുത്തേക്ക് വരാന്‍ എന്തായിരുന്നു താങ്കള്‍ക്ക് തടസ്സം? ഞാന്‍ പറഞ്ഞു: ഞാന്‍ നമസ്കരിക്കുകയായിരുന്നു, അപ്പോള്‍ അവിടുന്ന് പറഞ്ഞു: അല്ലാഹു പറഞ്ഞിട്ടില്ലേ, (അല്ലയോ സത്യവിശ്വാസികളേ, അദ്ധേഹം നിങ്ങളെ വിളിച്ചാല്‍ നിങ്ങള്‍ അല്ലാഹുവിനും അവന്റെ റസൂലിനും ഉത്തരം കൊടുക്കുവിന്‍) എന്ന്, ഈ പള്ളിയില്‍ നിന്നും ഞാന്‍ പുറത്ത് പോകുന്നതിനു മുമ്പ് താങ്കള്‍ക്ക് ഖുര്‍ആനിലെ ഏറ്റവും മഹത്തായ ഒരു സൂറത്ത് പഠിപ്പിച്ചു തരട്ടെയോ? അങ്ങിനെ നബി(സ) പുറത്തു കടക്കാനായി ഒരുങ്ങി, അപ്പോള്‍ ഞാന്‍ അദ്ധേഹത്തെ അക്കാര്യം ഓര്‍മ്മിപ്പിച്ചു, അപ്പോള്‍ അവിടുന്ന് പറഞ്ഞു: (അല്‍ഹംദു ലില്ലാഹി റബ്ബില്‍ ആലമീന്‍) ഇതാണ് ആവര്‍ത്തിത ഏഴ് വചനങ്ങള്‍, എനിക്ക് നല്കപ്പെട്ട മഹത്തായ ഖുര്‍ആന്‍ ഇതാണ്.
രണ്ടാമത്തേത്: അബൂഹുറൈറ(റ)വില്‍ നിന്ന്: റസൂല്‍(സ) പറഞ്ഞിരിക്കുന്നു: ഖുര്‍ആനിന്റെ മാതാവ് (സൂറത്തുല്‍ ഫാതിഹ) അത് ആവര്‍ത്തിത എഴ് വചനങ്ങളാകുന്നു, അത് മഹത്തായ ഖുര്‍ആന്‍ ആകുന്നു.’’
്യൂഞാന്‍ ഒന്നും വിശദീകരിക്കുന്നില്ല. അറിയുക ഏഴിന്റെ അഴകും അത്ഭുതങ്ങളും എത്ര പറഞ്ഞാലും തീരാത്തതാണ്. പ്രപഞ്ചത്തിലെ ഒരു സീക്രട്ട് കോഡാണത്. ആധുനിക ശാസ്ത്രം ഒരുപാട് അത് കണ്ടെത്തിയിട്ടുമുണ്ട്. ആ ഏഴിന്റെ അഴകിലാണ് ഫാതിഹ നമുക്ക് മുമ്പില്‍ ഇതള്‍ വിരിയിക്കുന്നത്. ഖുര്‍ആനിലെ ഏറ്റവും ഉല്‍കൃഷ്ടമായ ഈ വചനങ്ങള്‍ നമ്മുടെ ജീവിതത്തിലെയും ഏറ്റവും ഉല്‍കൃഷ്ടമായ വചനങ്ങളാണ്. ആ ഏഴുവചനങ്ങളിലാണ് ഫാതിഹയെ നിങ്ങള്‍ക്ക് തന്നിരിക്കുന്നത് എന്നാണ് സ്രഷ്ടാവ് പറയുന്നത്. ഒന്നുകൂടി ആ വചനം നിങ്ങള്‍ കാണുക:
‘‘ആവര്‍ത്തിച്ച് പാരായണം ചെയ്യുന്ന ഏഴ് വചനങ്ങളും, മഹത്തായ ഖുര്‍ആനും തീര്‍ച്ചയായും നാം നിനക്ക് നല്‍കിയിട്ടുണ്ട്.’’ (15:87)
ഏഴ് ത്വവാഫിനെ കുറിച്ചും ഏഴ് പ്രാവശ്യമുള്ള സഫ - മര്‍വ്വക്കിടയിലുള്ള ഓട്ടത്തെകുറിച്ചുമൊക്കെ അറിയുന്ന നിങ്ങളോട് എനിക്ക് പറയാനുള്ളത്, അല്ലാഹു സൃഷ്ടിച്ച ഈ ഏഴിന്റെ അത്ഭുതങ്ങളും അഴകും പഠിക്കുവാന്‍ തയ്യാറാവുക എന്നതാണ്. ആ ഏഴില്‍ നല്കിയ ഈ അത്ഭുതകലവറയായ ഫാതിഹയെ ആഴത്തില്‍ നുകര്‍ന്ന് കുടിക്കുവാന്‍ തയ്യാറാവുക.
വളരെ പ്രധാനപ്പെട്ട ചിലത് എനിക്ക് പറയാനുണ്ട് എന്ന് പറഞ്ഞുകൊണ്ടാണ് ഈ അധ്യായം ഞാന്‍ ആരംഭിച്ചത്. എന്നാല്‍ ആ പ്രധാനപ്പെട്ട ചിലതിനെ കുറിച്ച് ഇനിയും ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല.
അത് ഖുര്‍ആനിന്റെ ഒരു ശൈലിയാണ്. ഒന്ന് പറഞ്ഞ് കഴിഞ്ഞിട്ടൊന്നുമല്ല അടുത്തതിലേക്ക് പ്രവേശിക്കല്‍. പെട്ടന്ന് പെട്ടന്ന് സീനുകള്‍ മാറിക്കൊണ്ടിരിക്കുന്നത് കാണാം. ആധുനിക ഉപന്യാസ നിയമങ്ങളൊന്നും ഖുര്‍ആന്‍ പാലിച്ചിട്ടില്ല. ഖുര്‍ആനിന് അതിന്റെ ആവശ്യവുമില്ല. ആധുനിക ഉപന്യാസ നിയമങ്ങള്‍ മനുഷ്യന് കണ്ടെത്തിയ മെത്തേഡുകളാണ്, രീതികളാണ്. ഖുര്‍ആന്‍ ഏഴ് ആകാശങ്ങളുടെയും അവയിലുള്ള സകലതിനെയും സൃഷ്ടിച്ച സ്രഷ്ടാവിന്റെ കലാമാണ്. സ്രഷ്ടാവിന് സൃഷ്ടിയെ പിന്തുടരേണ്ടുന്ന ഒരു ആവശ്യവുമില്ല. അപ്പോള്‍ അത് വികൃതമാക്കപ്പെടും. അതിന്റെ തന്മയത്തം നഷ്ടപ്പെടും.
ഈ വിഷയത്തെകുറിച്ചും ‘ഖുര്‍ആനിന്റെ ഭാഷാവൈഭവം, അത്ഭുതങ്ങളുടെ അത്ഭുതം’ എന്ന പുസ്തകത്തില്‍ വിശദമായി ഞാന്‍ ചര്‍ച്ചചെയ്തിട്ടുണ്ട്. അതിനാല്‍ ഞാനിവിടെ അതിനെകുറിച്ച് കൂടുതല്‍ ഒന്നും പറയുന്നില്ല. താല്പര്യമുള്ളവര് ആ പുസ്തകം വായിക്കുക.
ഇനി നമുക്ക് ആ പ്രധാനപ്പെട്ട ചിലതിലേക്ക് കടക്കാം. ‘അഊദു’ വിനെ കുറിച്ച് ഞാന്‍ വിശദീകരിക്കുമ്പോള്‍ നിങ്ങള്‍പോലും അറിയാതെ നിങ്ങളുടെ മനസ്സിന് ബാധിക്കുന്ന ഒരു പ്രധാന വൈറസിനെ കുറിച്ചാണ് എനിക്ക് സംസാരിക്കാനുള്ളത്. അത് നിങ്ങള്‍ മനസ്സിലാക്കാതെ പോയാല്‍ മനസ്സിലാക്കിയ കാര്യങ്ങളെല്ലാം അവതാളത്തിലാകും. ജീവിതം മഹാകുടുസ്സായി മാറും. നിങ്ങള്‍ ഇരുട്ടറകളില്‍ കഴിയേണ്ടിവരും. മോചനത്തിന്റെ വഴികളാണവ എന്ന് പറഞ്ഞുകൊണ്ടാണ് ‘ആ പ്രധാനപ്പെട്ട ചിലത്’ നിങ്ങളിലേക്ക് വരിക. എന്നാല്‍ അതാണ് യഥാര്‍ഥ ജയിലറകള്‍. സ്വാതന്ത്ര്യമാണത് എന്ന മിഥ്യാധാരണകള്‍ സൃഷ്ടിച്ചുകൊണ്ടാണ് നിങ്ങളിലേക്കവ അരിച്ചുകയറുക. എന്നാല്‍ അത് പാരതന്ത്ര്യത്തിന്റെ അടിമച്ചങ്ങലകളാണ്.
ആ ആന്തരിക അടിമച്ചങ്ങലകളെ നിങ്ങള്‍ തിരിച്ചറിയുന്നതോടെ നിങ്ങള്‍ മോചിതനായിക്കഴിഞ്ഞു. മനസ്സിന്റെ ചങ്ങലക്കെട്ടുകളില്‍ നിന്നും നിങ്ങള്‍ സ്വതന്ത്രനായിക്കഴിഞ്ഞു. പിന്നീട് നിങ്ങളെ പിശാചിന് പിടിക്കുക സാധ്യമല്ല. അവന്റെ അവസാനത്തെ അടവും നിങ്ങള്‍ക്ക് മനസ്സിലായിക്കഴിഞ്ഞു എന്നവന് തിരിച്ചറിയുന്നതോടെ പിശാചിന്റെ നിങ്ങളിലുള്ള എല്ലാ സ്വാധീനവും നഷ്ടപ്പെട്ടു.
ജീവിതം സന്തോഷകരവും സമാധാനപരവും പ്രശാന്തവുമായിത്തീര്ന്നു. എങ്കിലിനി നമുക്ക് ആ പ്രധാന കാര്യത്തിലേക്ക് പ്രവേശിക്കാം... ആ പ്രധാനപ്പെട്ട ചിലതിലേക്ക് പ്രവേശിക്കാം... അടുത്ത അധ്യായത്തിലൂടെ...