പ്രാരംഭ പ്രാര്‍ഥന പ്രശാന്തിയിലേക്കുള്ള പരിപൂര്‍ണ പാത (ഭാഗം - 1)

പ്രാരംഭ പ്രാര്‍ഥന പ്രശാന്തിയിലേക്കുള്ള പരിപൂര്‍ണ പാത (ഭാഗം - 1)

Author - അഡ്വ: മുഈനുദ്ദീന്‍

Product Code:
Availability:In Stock
Price: र 120
Offer Price : र 108

Qty:     - OR -   Add to Wish List Add to Compare

T+ | Reset | T-
Book Information
Publishing Date

January 2017

Category

''Lifebook''

Publisher

Renaissance books

പുസ്തകത്തെ കുറിച്ച്‌

. ദൈനംദിന ജീവിതവുമായുള്ള ഫാതിഹയുടെ
ബന്ധം

. ജീവിത പ്രശ്‌നങ്ങളെ പരിഹരിക്കുനനതിനുള്ള
മാര്‍ഗങ്ങള്‍

. വ്യക്തിത്വ വികസനം
. ദേഷ്യ നിയന്ത്രണം

. ഈഗോ മാനേജ്‌മെന്റ്

. ടെന്‍ഷന്‍, നിരാശ, മുതലായവയില്‍ നിന്നുള്ള രക്ഷ

. നെഗറ്റീവ് ചിന്തകളില്‍ നിന്നുള്ള മോചനം

. സ്ട്രസ്സ് മാനേജ്‌മെന്റ്

. മന:ശാന്തിയും മന:സമാധാനവും
അനുഭവിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

. ജീവിതത്തിലെ എല്ലാ മേഖലകളിലും
ആത്മനിര്‍വൃതിയും ആത്മസംതൃപ്തിയും ഒപ്പം
പ്രശാന്തിയും നേടുന്നതിനുള്ള വഴികള്‍...

മുതലായ ജീവിതവുമായി ബന്ധപ്പെട്ട എല്ലാവിഷയങ്ങളും ഫാതിഹയുടെ പരിഹാരത്തോടെ വിശദീകരിക്കുന്ന അപൂര്‍വ്വ പുസ്തക പരമ്പര. ഇത് നിങ്ങളുടെ ജീവിതത്തിന്റെ രക്ഷാകവചമാണ്. വായിക്കുക അനുഭവിക്കുക, ജീവിതം സന്തോഷപൂര്‍ണ്ണമാക്കുക...

(Fathiha is your "Lifebook")

 

വായനയ്ക്ക് മുമ്പ്

എവിടെനിന്നാണ് തുടങ്ങേണ്ടത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. കാരണം, ഒരുപാടൊരുപാട് പറയാനുണ്ട് എനിക്ക് ഫാതിഹയെ കുറിച്ച്. പറഞ്ഞാലും പറഞ്ഞാലും തീരാത്ത അനുഭവങ്ങളാണ് ഫാതിഹ എനിക്ക് തന്നിരിക്കുന്നത്. ആ മഹാ സാഗരത്തെ എങ്ങിനെ ഒരു കൊച്ചു പുസ്തകത്തിലേക്ക് പകര്‍ത്തിയെടുക്കും എന്ന ചിന്തയിലാണ് ഞാന്‍.

എത്ര പറഞ്ഞാലും തീരാത്ത അതിന്റെ മഹത്വം ഒരു ഭാഗത്ത്. എത്ര പറഞ്ഞാലും തീരാത്ത അതിന്റെ ആസ്വാദനം മറുഭാഗത്ത്. എത്ര എഴുതിയാലും തീരാത്ത അതിന്റെ ആന്തരിക ആനന്ദം, അനുഭവം!! എല്ലാം എന്റെ മുമ്പില്‍ തിങ്ങിനിറഞ്ഞ്‌വന്നിരിക്കുകയാണ്. വാക്കുകള്‍ക്കതീതമായ ഈ ദിവ്യ സാഗരത്തെ ആവിഷ്‌കരിക്കുന്നതിനുള്ള, ആ മഹത്തായ അനുഭവയാഥാര്‍ഥ്യത്തെ ചുരുക്കി വാക്കുകളില്‍ ഒതുക്കുന്നതിനുള്ള പ്രയാസം!!

ഫാതിഹ നിങ്ങള്‍ ഒരുപാട് തവണ പാരായണം ചെയ്തിട്ടുണ്ടാകാം... അതിനെ കുറിച്ച് ഒരു പാട് നിങ്ങള്‍ കേട്ടിട്ടുണ്ടാകാം... ആ ദിവ്യഔഷധത്തെ കുറിച്ച് ഒരുപാട് നിങ്ങള്‍ വായിച്ചിട്ടുണ്ടാകാം... എല്ലാം എനിക്ക് ഉറപ്പാണ്. പക്ഷേ, നിങ്ങള്‍ കേട്ടത്രയല്ല ഫാതിഹ യുടെ ആഴം! നിങ്ങള്‍ കേട്ടതിനെക്കാളും നിങ്ങള്‍ വായിച്ചതിനെക്കാളും എത്രയോ വലിയ സാഗരമാണ് ഫാതിഹ. എന്നാല്‍ ആ മഹാ സാഗരത്തെ ലളിതമായ ഭാഷയില്‍ എനിക്ക് അവതരിപ്പിക്കേണ്ടതുണ്ട്, ആര്‍ക്കും ഏത് സാധാരണക്കാരനും തിരിയുന്ന ഭാഷയില്‍.

മനുഷ്യ ജീവിതം മുഴുവനായി ഒളിഞ്ഞുകിടക്കുന്നുണ്ട് ഈ ഫാതിഹയില്‍. ജീവിതത്തിന്റെ ഓരോ അടരുകളും ഫാതിഹയില്‍ അടങ്ങിയിട്ടുണ്ട്. ആ ഏഴു വചനങ്ങള്‍ ഏഴു സാഗരങ്ങള്‍ തന്നെയാണ്. അതില്‍ ഒളിഞ്ഞുകിടക്കുന്ന മുത്തും പവിഴവും നിങ്ങളുടെ എല്ലാ സങ്കല്‍പ്പങ്ങള്‍ക്കതീതമാണ്. ഏതാണ് ആദ്യം നിങ്ങള്‍ക്ക് വാരിത്തരേണ്ടത് എന്നതാണ് എന്റെ വിഷയം. ആദ്യം മുത്തുച്ചിപ്പികള്‍ വേണോ, പവിഴപ്പുറ്റുകള്‍ വേണോ, അതോ....

ഒരു ചെറിയ താക്കോല്‍കൊണ്ട് സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും കോഹിനൂര്‍ രത്‌നങ്ങളുടെയും മഹാ നിലവറകള്‍ തന്നെ തുറക്കാന്‍ സാധിക്കും. അപ്രകാരം തന്നെ ജീവിതത്തിന്റെ മഹാസംഭവങ്ങളുടെ, മഹാ നിധികളുടെ താക്കോലാണ് ഫാതിഹ. കാണാന്‍ ചെറിയത്, താക്കോല്‍ പോലെ. പക്ഷേ, പ്രയോഗവും ഉപയോഗവും എത്ര പറഞ്ഞാലും തീരാത്തത്!! ജീവിതത്തില്‍ മറഞ്ഞിരിക്കുന്ന എല്ലാമുണ്ട് ഈ ഫാതിഹയില്‍!!

ഫാതിഹയുടെ ഒരു പേര് ‘കന്‍സ്’ എന്നാണ്. അര്‍ഥവത്തായ ഒരു പ്രയോഗം. ശരിയായ ഒരു പരിചയപ്പെടുത്തലാണത്. ‘കന്‍സ്’ എന്നാല്‍ നിധി എന്നാണ് അര്‍ഥം. മഹാ നിധിയാണ് ഈ ഫാതിഹ! ശതകോടിക്കണക്കിന് നിധികളുടെ ശേഖരമാണത്. ജീവിതത്തോട് ഉള്‍ചേര്‍ന്ന് കിടക്കുന്ന മഹാ നിധി.

ജീവിതത്തിന്റെ മുഴുവന്‍ അടരുകളെയും വിശദീകരിക്കുന്ന ഖുര്‍ആനിന്റെ അടിത്തറയാണ് ഫാതിഹ. അതിനാല്‍ ഫാതിഹക്ക് ‘അസാസുല്‍ ഖുര്‍ആന്‍’ എന്നും പേരുണ്ട്. ഖുര്‍ആനിന്റെ അടിത്തറ, അസ്തിവാരം എന്നൊക്കെയാണ് അതിന്റെ അര്‍ഥം.

ജീവിതത്തില്‍ നിങ്ങളും പല കാര്യങ്ങളും ആരംഭിക്കാറുണ്ട്. എങ്ങനെയാണ് നിങ്ങളത് ആരംഭിക്കാറ്? ഒന്ന് ഓര്‍ത്തു നോക്കൂ...

‘‘ഞാന്‍ എന്റെ ബിസിനസ്സ് നാളെ തുടങ്ങുന്നു’’
‘‘ഞാന്‍ എന്റെ പഠനം ഇന്ന് ആരംഭിക്കുന്നു’’
‘‘ഞാന്‍ എന്റെ പദ്ധതി തുടങ്ങുന്നു’’

ഇങ്ങനെയാണ് പലപ്പോഴും നമ്മുടെ മനസ്സില്‍ വരുന്ന ആദ്യ ചിന്ത. അവിടെയെല്ലാം ഈ ‘ഞാന്‍’ ആണ് മുഴങ്ങി നില്‍ക്കുക. ‘ഞാന്‍’ ആണ് എല്ലായിടത്തെയും കഥാപാത്രം. നിങ്ങള്‍ എന്തുചെയ്യുമ്പോഴും ആ ‘ഞാന്‍’ അവിടെ കൂടെ കാണാം... അത് അത്ര പെട്ടെന്നൊന്നും പോവുകയില്ല. അല്ലാഹുവിലേക്കെത്തുന്നതിനുള്ള ആദ്യത്തേയും അവസാനത്തേയും തടസ്സവും ആ ‘ഞാന്‍’ ആണ്. ഓരോ കാര്യങ്ങള്‍ നിങ്ങള്‍ ചെയ്യുമ്പോഴും ഈ ‘ഞാന്‍’ ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്. സൈക്കോളജിയില്‍ ‘ഈഗോ’ എന്ന് പറയുന്ന ഈ വിഷയത്തെ കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യുന്ന  പുസ്തകം നിങ്ങളിലേക്ക് എത്തുന്നതാണ്. വിശദമായി നിങ്ങള്‍ ഈ ‘ഞാനി’നെ കുറിച്ച് അറിയേണ്ടതുണ്ട്. കാരണം, ‘ഞാന്‍’ രണ്ടു തരമുണ്ട്. ഒന്ന് ഈഗോയുടെ (കിബ്‌റിന്റെ - അഹങ്കാരത്തിന്റെ) ഞാനാണ്. മറ്റൊന്ന് വിനയത്തിന്റെ, എളിമത്വത്തിന്റെ ഞാനാണ്. അവ രണ്ടും തമ്മിലുള്ള വ്യത്യാസങ്ങളും ബോര്‍ഡര്‍ ലൈനുകളും അറിയുമ്പോള്‍ മാത്രമേ കൃത്രിമ ‘ഞാന്‍’ നിങ്ങളില്‍ നിന്നും പോവുകയുള്ളൂ. കൃത്രിമ ഞാന്‍ പോകുമ്പോള്‍ മാത്രമേ ഒരാള്‍ സ്രഷ്ടാവില്‍ എത്തിച്ചേരുകയുള്ളൂ.

ഈഗോ അകത്തുനിന്നും പോകുന്നതോടെ ഒരു വലിയ ഭാരമിറക്കല്‍ നിങ്ങള്‍ക്ക് അനുഭവപ്പെടുന്നു. പിന്നെ, അവിടെ ഈഗോയാകുന്ന ‘ഞാന്‍’ ഇല്ല. അപ്പോള്‍ പിന്നെ എന്തായിരിക്കും അവിടെ ഉണ്ടായിരിക്കുക. ദൈവിക സ്മരണയുടെ വെളിച്ചം (ദിക്‌റുല്ല) ആ സ്ഥാനത്തേക്ക് കടന്നുവരുന്നു. ദൈവിക സ്മരണ എന്ന വാക്ക് ഒരു മഹാസംഭവംതന്നെയാണ്. ഇരുനൂറ്റി അമ്പതിലധികം തവണ ഖുര്‍ആനില്‍ അല്ലാഹു ആവര്‍ത്തിച്ച് പറഞ്ഞ ആ സംഗതിയെ നിങ്ങള്‍ നിസ്സാരമായ വാക്കുകളാക്കി ചുരുക്കിപ്പോകരുത്. ഇവിടെ എനിക്ക് വേറെ മാര്‍ഗമില്ല. വാക്കുകളിലൂടെ മാത്രമേ നിങ്ങളോട് സംസാരിക്കുവാന്‍ സാധിക്കുകയുള്ളൂ. പക്ഷേ, നിങ്ങള്‍ ആ വാക്കിനെ കേവലം വാക്കായി എടുത്താല്‍ അത് നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമായിരിക്കും. ജീവിതത്തില്‍ ശാന്തിയും സമാധാനവും നല്‍കുന്ന മഹാ ആല്‍ക്കമിയാണത്. ഇതിനെ നിങ്ങള്‍ കേവലം വാക്കാക്കി ചുരുക്കിയാല്‍ നിങ്ങള്‍ക്ക് പ്രകാശം നഷ്ടപ്പെട്ടുപോകും. ദിക്‌റുല്ല മഹാപ്രകാശമാണ്. ദിക്‌റുല്ലയെ കുറിച്ച് ധാരാളമായി പറയേണ്ടുള്ളതിനാല്‍ ഒരു പുസ്തകം അതിലും വരുന്നുണ്ട്. ഇപ്പോള്‍തന്നെ അതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താല്‍പര്യമുള്ളവര്‍ ‘വിജയത്തിന്റെ വിത്തുകള്‍’ എന്ന പുസ്തകം വായിക്കുക.

‘ഞാന്‍’ ആകുന്ന ഈഗോയുടെ ഭാരം നിങ്ങളില്‍ നിന്നും ഇറങ്ങുമ്പോള്‍ ‘ദിക്‌റുല്ല’ (ദൈവിക സ്മരണ) യാകുന്ന മഹാ പ്രകാശം അകത്ത് കടക്കുന്നു. ആ പ്രകാശം അകത്ത് കടക്കുന്നതോടെ പിന്നെ നിങ്ങളുടെ ജീവിതം മുമ്പത്തേത് പോലെയേ ആയിരിക്കില്ല. നിങ്ങള്‍ ഒരു പുതിയ ജീവി ആയിത്തീരുന്നു.

പക്ഷേ, ഇത് സംഭവിക്കണമെങ്കില്‍ വലിയ ഒരു പ്രക്രിയ നിങ്ങളില്‍ ആദ്യം നടക്കേണ്ടതുണ്ട്. അതൊരു വലിയ രാസപ്രക്രിയയാണ്. അത് നിങ്ങള്‍തന്നെ ചെയ്യേണ്ടതുമുണ്ട്. ഈഗോയാകുന്ന, അഹന്തയാകുന്ന ആ മഹാമല നിങ്ങളില്‍ നിന്നും നീങ്ങേണ്ടതുണ്ട്. അത് നീങ്ങുന്നതോടെ പ്രകാശത്തിന്റെ പൂരമാണ്. 

‘ദിക്‌റുല്ല’ യഥാര്‍ഥത്തില്‍ സത്യത്തിന്റെ അനുഭവസ്മരണയാണ്. അത് സംഭവിച്ചുകഴിഞ്ഞാല്‍ പിന്നെ ‘ഞാന്‍’ ഇല്ല. അഹന്തയുടെ, അഹങ്കാരത്തിന്റെ ആ ‘ഞാന്‍’ ഇല്ല. ‘ദിക്‌റുല്ല’ അകത്ത് പ്രവേശിച്ചു കഴിഞ്ഞാല്‍ അതൊരു അനുഭവമായിത്തീരുന്നതാണ്. അനുഭവത്തെ നിങ്ങള്‍ക്ക് പിന്നെ നിഷേധിക്കുക സാധ്യമല്ല. അത് നിങ്ങളില്‍ യാഥാര്‍ഥ്യവും  സജീവവുമായിത്തീര്‍ന്നു. അത് നിങ്ങളുടെ മജ്ജയും മാംസവുമായിത്തീര്‍ന്നു. അത് നിങ്ങളുടെ രക്തത്തിലൂടെ പ്രവഹിക്കുകയായി. നിങ്ങളുടെ സത്തയാകെ ആ ഒരു വികാരത്താല്‍ നിറഞ്ഞുകഴിഞ്ഞാല്‍ അതുമതി നിങ്ങള്‍ക്ക്, ഈ ജീവിതം മഹാ അനുഗ്രഹമാണെന്ന് അനുഭവിച്ചറിയാന്‍. ഒരോ ശ്വാസോഛ്വാസവും ഓരോ ഹൃദയമിടിപ്പും ഓരോ പള്‍സും സ്രഷ്ടാവിന്റെ സ്മരണയാല്‍ പുളകിതമായിക്കഴിഞ്ഞാല്‍ പ്രപഞ്ചത്തിലെ സകല നിധികളും നിങ്ങള്‍ക്ക് കിട്ടിക്കഴിഞ്ഞു!!

എങ്കില്‍, ഈ ദൈവിക സ്മരണയിലൂടെ, അല്ലാഹുവിന്റെ സ്മരണയിലൂടെ ഞാനും ആരംഭിക്കുകയാണ്. അല്ലാഹുവിന്റെ സ്മരണയാണ് ഏറ്റവും വലിയ കാര്യം (29:45) എന്നാണ് ഖുര്‍ആന്‍ പറഞ്ഞത്. ആ ഏറ്റവും വലിയ കാര്യത്തിലൂടെ ഞാന്‍ ആരംഭിക്കുകയാണ്.

ദിക്‌റുല്ലയിലൂടെ കാര്യങ്ങള്‍ ആരംഭിക്കുമ്പോള്‍ ആ ഈഗോയുടെ ‘ഞാന്‍’ ഇല്ലാതാകുന്നു. ദൈവിക സ്മരണ മാത്രമേ അവിടെ ഉള്ളൂ. എന്റെ മനസ്സില്‍ നിന്നും ഞാന്‍ എന്നെത്തന്നെ നീക്കം ചെയ്തിരിക്കുന്നു. എന്നെ ഞാന്‍ നീക്കം ചെയ്‌തേ പറ്റൂ. കാരണം, ഞാന്‍ കൈകാര്യം ചെയ്യാന്‍ പോകുന്നത് എന്താണ്? അതിന്റെ ആഴവും പരപ്പും എത്രയാണ്.

സൂര്യന്റെ പ്രകാശം നിങ്ങളൊന്ന് മനസ്സില്‍ കണ്ടുനോക്കൂ... എന്തുമാത്രമാണ് ആ പ്രകാശം. സൂര്യന്‍ ഒരു കൊച്ചു നക്ഷത്രമാണ്. അത്തരത്തിലുള്ള കോടാനുകോടി നക്ഷത്രങ്ങളാണ് നമ്മുടെ ഈ ഒരു ഗ്യാലക്‌സിയില്‍ മാത്രമുള്ളത്. രണ്ട് ലക്ഷം കോടിയിലധികം ഗ്യാലക്‌സികളുണ്ടെന്നാണ് ശാസ്ത്രം പറയുന്നത്. ഒരോ ഗ്യാലക്‌സിയിലും കോടാനുകോടി നക്ഷത്രങ്ങളും. ഈ നക്ഷത്രങ്ങള്‍ക്കും ഗ്യാലക്‌സികള്‍ക്കുമൊക്കെ പ്രകാശം നല്‍കിയ ആ മഹാപ്രകാശത്തെ ( ഝള്‍മ്ലേറഏ ) നിങ്ങളൊന്ന് സങ്കല്‍പ്പിച്ചുനോക്കൂ...

സങ്കല്‍പ്പിക്കാന്‍ ആവില്ല...!!  മനുഷ്യ ഭാവനയുടെയും സങ്കല്‍പ്പങ്ങളുടെയുമെല്ലാം അപ്പുറമാണ് ആ മഹാ സ്രഷ്ടാവ്. അവനെ ഒന്ന് ഉപമിക്കാന്‍ പോലും മനുഷ്യ മനസ്സിനാവുകയില്ല. അവനെപ്പോലെ ഒന്നും ഇല്ല, ഒന്നും ഉണ്ടാവുകയുമില്ല.

ആ മഹാ സ്രഷ്ടാവിന്റെ വചനങ്ങളുടെ സാരാംശമായ ഫാതിഹയാണ് കൈകാര്യം ചെയ്യാപ്പെടാന്‍ പോകുന്നത്. ഫാതിഹയുടെ മറ്റൊരു പേര് ‘ഉമ്മുല്‍ ഖുര്‍ആന്‍’ എന്നാണ്. ഖുര്‍ആനിന്റെ മാതാവ് എന്നാണ് അര്‍ഥം. ഈ മാതാവിനെ കുറിച്ച് പറയുമ്പോള്‍ ‘ഞാന്‍’ അകത്ത് ഉണ്ടായിരിക്കരുത്. ‘ഞാന്‍’ അന്ധകാരമാണ്. ‘ഞാന്‍’ അഹന്തയാണ്. ആ ഞാനിന്റെ അഭാവമാണ് ‘ദിക്‌റുല്ല’ അഥവാ അല്ലാഹുവിന്റെ സ്മരണ. വിശദമായ രീതിയില്‍ ഈ പുസ്തകത്തില്‍ തന്നെ ഇനിയുമത് വരും. കാരണം ‘ഞാന്‍’ എന്നതാണ് പിശാചിന്റെ പതനത്തിന്റെ കാരണം. അവന്റെ ആ എക്‌സ്പീരിയന്‍സാണ്, അനുഭവമാണ് അവന്‍ നമ്മിലും പ്രയോഗിക്കുന്നത്. ആയത്തുകളും ഹദീസുകളും കോര്‍ത്തിണക്കിക്കൊണ്ട് ഈ പുസ്തകത്തില്‍ അവ വരുന്നുണ്ട്.

ഓര്‍ക്കുക, ദൈവിക സ്മരണയില്‍ (ദിക്‌റുല്ല) മുഴുകിയവരാണ് നമുക്ക്, മനുഷ്യന് എല്ലാ കാലത്തും പ്രാപഞ്ചിക രഹസ്യങ്ങള്‍, ജീവിത രഹസ്യങ്ങള്‍ എത്തിച്ചു തന്നിരിക്കുന്നത്. ഈ സ്മരണ ഉന്നതമായ തലത്തില്‍ അനുഭവിച്ചവരായ പ്രവാചകന്‍മാര്‍ക്കാണ് ജീവിതത്തിന്റെ നിഗൂഢതകള്‍ പ്രപഞ്ചസ്രഷ്ടാവ് വെളിപ്പെടുത്തിക്കൊടുത്തത്. അവരാകട്ടെ മുഖം മൂടിയില്ലാതെ ജീവിച്ചവരാണ്. അവരുടെ ജീവിതം ഒരു തുറന്ന പുസ്തകമായിരുന്നു.

ആ മഹാ പ്രവാചകന്‍മാരാണ് നമ്മുടെ മാതൃക. പ്രവാചകന്‍മാരല്ലാത്ത നമുക്ക് വേണ്ടതും ആ ദിക്‌റുല്ല (അല്ലാഹുവിന്റെ സ്മരണ) തന്നെയാണ്. അതില്ലായെങ്കില്‍ ഒന്നുമില്ല. അതുണ്ട് എങ്കില്‍ എല്ലാമുണ്ട്. ഫാതിഹയിലെ ബിസ്മിയെ കുറിച്ച് വിശദീകരിക്കുമ്പോള്‍ ഖുര്‍ആനിക വചനങ്ങളുടെയും ഹദീസിന്റെയും അടിസ്ഥാനത്തില്‍ ഞാനത് നിങ്ങള്‍ക്ക് വിശദീകരിച്ചു തരുന്നതാണ്.
ഒരാള്‍ അഹംബോധത്തോടെയാണ്, ഞാനെന്ന ഭാവത്തെടെയാണ് എന്തെങ്കിലും ആരംഭിക്കുന്നത് എങ്കില്‍ അയാള്‍ പലതും നേടിക്കൊണ്ടിരിക്കുമ്പോഴും ആന്തരികമായി ദരിദ്രനായിക്കൊണ്ടിരിക്കും. ബാഹ്യമായി അയാള്‍ പലതും നേടിയിരിക്കാം. പക്ഷേ, ആന്തരികമായി അയാള്‍ പരമ ദരിദ്രനായിരിക്കും.

അല്ലെങ്കിലും ആന്തരിക സമ്പത്തായ ഈ മഹാപ്രതിഭാസത്തെ നിങ്ങള്‍ അനുഭവിച്ചറിയുന്ന ആ മുഹൂര്‍ത്തത്തില്‍ നിങ്ങള്‍ അറിയും ബാഹ്യസമ്പത്തുകളൊക്കെ കേവലം ചരല്‍ക്കല്ലുകള്‍ മാത്രമാണെന്ന്. അത്രമാത്രം സമ്പല്‍ സമൃധമാണ് ആന്തരിക സമ്പത്തായ ഈ ദിക്‌റുല്ല.

അല്ലാഹുവിനെ അഥവാ സ്രഷ്ടാവിനെ ഓര്‍മിക്കുക എന്നാല്‍  ‘ഞാന്‍’ മാറിനില്‍ക്കലാണ്. ‘ഞാന്‍’ വഴിമാറിനില്‍ക്കുന്നു എന്നാണതിന്റെ അര്‍ഥം. അങ്ങനെ ‘ഞാന്‍’ ആകുന്ന ആ ഇരുട്ട് നിങ്ങളില്‍ നിന്നും വഴിമാറുമ്പോള്‍ വാതില്‍ തുറക്കപ്പെടുന്നു. ‘ഞാന്‍’ മാറി നില്‍ക്കുന്ന ആ മുഹൂര്‍ത്തത്തില്‍ ദിക്‌റുല്ലയുടെ ആ മഹാവെളിച്ചം നിങ്ങളുടെ ഉള്ളില്‍ വന്നുനിറയുവാന്‍ തുടങ്ങുകയും ചെയ്യുന്നു.

‘ഞാന്‍’ ആണ് ഇരുട്ട്. അല്ലാഹുവിനെ സ്മരിച്ചിരിക്കുമ്പോള്‍ പോലും ആ ‘ഞാന്‍’ അവിടെ ഉള്ളതിനാല്‍ നിങ്ങള്‍ക്കത് ആസ്വദിക്കുവാന്‍ സാധിക്കുന്നില്ല. ഞാന്‍ അകത്ത് ഉണ്ടാകുമ്പോള്‍ ‘ദിക്‌റുല്ല’ നിങ്ങള്‍ക്ക് ആന്തരിക ആനന്ദവും നിര്‍വൃതിയും തരുന്നില്ല. കാരണം മനസ്സാകുന്ന അന്ധകാരത്തിലൂടെയാണ് നിങ്ങളത് സ്മരിക്കുന്നത്. ഹൃദയമാകുന്ന വെളിച്ചത്തിലൂടെയാണ് അത് സംഭവിക്കേണ്ടത്.
എങ്കില്‍ ഞാന്‍ ആരംഭിക്കുന്നു.... 

കാരുണ്യവാനായ സ്രഷ്ടാവിനെ സ്മരിച്ചുകൊണ്ട് ഞാന്‍ ഫാതിഹയിലേക്ക് കടക്കുന്നു... 

അഹന്തയില്ലാത്ത, അഹന്ത എന്തെന്നറിയാത്ത നിങ്ങളുടെ ഹൃദയത്തിലേക്ക് ഞാന്‍ ഫാതിഹയുടെ അമൃത് ഒഴിച്ച് തരാന്‍ ആഗ്രഹിക്കുന്നു.... 

കളങ്കം നിറഞ്ഞ മനസ്സിനെ മാറ്റിവെച്ച് കളങ്കമില്ലാത്ത ഹൃദയത്തോടെ ഇനിയുള്ള വരികളെ നിങ്ങള്‍ വായിക്കുക. ‘ദിക്‌റുല്ല’യുടെ, സ്രഷ്ടാവിന്റെ സ്മരണയുടെ വെളിച്ചം നിങ്ങളുടെ ഹൃദയത്തിനകത്തുണ്ട്.... അതൊന്ന് കണ്ടെത്തിയാല്‍ മാത്രം മതി. അത് കണ്ടെത്തുന്നതിനുള്ള ഒന്നാം തരം ഔഷധമാണ് ഫാതിഹ.

ഫാതിഹ നിങ്ങളുടെ അനുഭവയാഥാര്‍ഥ്യമായിക്കഴിഞ്ഞാല്‍ പിന്നെ നിങ്ങള്‍ക്കതുമതി! ഫാതിഹയുടെ ഒരു പേരുതന്നെ ‘മതിയായത്’ എന്നാണ്.

പ്രവാചകന്‍ (സ) നമ്മെ പഠിപ്പിച്ചത് തൗറാത്തിലാകട്ടെ, ഇഞ്ചീലിലാകട്ടെ, സബൂറിലാകട്ടെ, ഫുര്‍ഖാനിലാകട്ടെ ഫാതിഹ പോലൊരു സൂറത്ത് അവതരിപ്പിച്ചിട്ടില്ല എന്നാണ്.

ഹസനുല്‍ ബസ്വരിയുടെ വാക്കുകളാണ് എനിക്ക് ഓര്‍മവരുന്നത്. ഫാതിഹയെ കുറിച്ച് ഹസനുല്‍ ബസ്വരി പറഞ്ഞത് വളരെ അര്‍ഥവത്താണ്. അതാണ് അതിലെ ആത്യന്തിക സത്യവും.

അല്ലാഹു ലോകത്തേക്ക് ആകെ നൂറ്റിനാല് ഗ്രന്ഥങ്ങള്‍ പ്രവാചകന്‍മാര്‍ വഴി അയച്ചു. ഹസനുല്‍ ബസ്വരി പറഞ്ഞു തുടങ്ങുകയാണ്. ഈ നൂറ്റിനാല് ഗ്രന്ഥങ്ങളെയും പിന്നീട് അല്ലാഹു നാല് ഗ്രന്ഥങ്ങളിലേക്ക് ചുരുക്കി. നൂറ്റിനാല് മഹാഗ്രന്ഥങ്ങളുടെയും സാരാംശങ്ങളും വിജ്ഞാനങ്ങളും അറിവുകളുമെല്ലാം നാല് ഗ്രന്ഥങ്ങളിലേക്കായി അപ്‌ഡേറ്റ് ചെയ്തു.

തൗറാത്ത്, സബൂര്‍, ഇന്‍ജീല്‍, ഫുര്‍ഖാനുല്‍ അളീം (ഖുര്‍ആന്‍) എന്നിവയാണ് ആ നാലു ഗ്രന്ഥങ്ങള്‍. ഈ നാലു ഗ്രന്ഥങ്ങളും നൂറ്റിനാല് ഗ്രന്ഥങ്ങളുടെ വിജ്ഞാന സാഗരത്തെ ഉള്‍കൊള്ളുന്നുവെന്നര്‍ഥം.

ഹസനുല്‍ ബസ്വരി തുടരുകയാണ്. പിന്നീട് അല്ലാഹു ഈ നാല് ഗ്രന്ഥങ്ങളിലെയും വിജ്ഞാന സാഗരത്തെ, മനുഷ്യവിജയത്തിന്റെ മഹാസീക്രട്ട് കോഡുകളെ ഖുര്‍ആനിലേക്ക് മാത്രമാക്കി നവീകരിച്ചു. അപ്പോള്‍ ഖുര്‍ആനില്‍ നൂറ്റിനാല് ദൈവിക ഗ്രന്ഥങ്ങളുടെ മഹാകലവറകള്‍ ഉണ്ടെന്നര്‍ഥം.

പിന്നീട് അല്ലാഹു ഖുര്‍ആനിലെ വിജ്ഞാനങ്ങളെ ‘മുഫസ്വലാത്തി’ല്‍ ചുരുക്കി ഉള്‍കൊള്ളിച്ചു. മുഫസ്വലാത്ത് എന്നാല്‍ ഖുര്‍ആനിലെ ‘ഖാഫ്’ എന്ന അധ്യായം മുതല്‍ അവസാനത്തെത് വരെയുള്ള അധ്യായങ്ങളാണ്. അവക്കാണ് ‘മുഫസ്വലാത്ത്’ എന്ന് പറയുന്നത്. നൂറ്റിനാല് വേദഗ്രന്ഥങ്ങളിലെയും മഹാ വൈജ്ഞാനിക സാഗരം ഇപ്പോള്‍ ‘മുഫസ്വലാത്തി’ല്‍ ഉണ്ടെന്ന് ചുരുക്കം.

പിന്നീട് അല്ലാഹു ഈ ‘മുഫസ്വലാത്തി’ലെ വൈജ്ഞാനിക സാഗരത്തെ ‘ഫാതിഹ’യിലേക്ക് ഉള്‍കൊള്ളിച്ചു.

ലാ ഹൗല വലാഖുവ്വത്ത ഇല്ലാ ബില്ലാഹ്...!! 

ഫാതിഹയില്‍ നൂറ്റിനാല് വേദഗ്രന്ഥങ്ങളുടെ വൈജ്ഞാനിക കലവറയാണ് അല്ലാഹു ഉള്‍കൊള്ളിച്ചിരിക്കുന്നത്! ഹസനുല്‍ ബസ്വരി പറയുകയാണ്; ആര്‍ ഫാതിഹയുടെ സാരാംശം അതിന്റെതായ രീതില്‍ പഠിച്ചുമനസ്സിലാക്കുന്നുവോ അവന്‍ അല്ലാഹു ലോത്തേക്കിറക്കിയ നൂറ്റിനാല് വേദഗ്രന്ഥങ്ങളെയും മനസ്സിലാക്കിയവനെപ്പോലെയാണ്.

വല്ലാത്തൊരു അത്ഭുതം തന്നെയാണ് ഫാതിഹ. ജീവിതവുമായി ആഴത്തില്‍ അതിനുള്ള ബന്ധം അറിയുമ്പോള്‍ അക്ഷരാര്‍ഥത്തില്‍ നിങ്ങള്‍ അത്ഭുതപ്പെട്ടുപോകും. ഫാതിഹ നിങ്ങളുടെ Life book ആണ്. അത് നിങ്ങളുടെ ജീവന്‍ രക്ഷാ കവചമാണ്.

അതിനാല്‍, ഈ രക്ഷാ കവചത്തിലേക്ക്, രഹസ്യങ്ങളുടെ രഹസ്യത്തിലേക്ക് ഞാന്‍ പ്രവേശിക്കുകയാണ്; അത് പഠിപ്പിച്ചുതന്ന സ്രഷ്ടാവിന്റെ സ്മരണയോടെ.... 

ആ സ്മരണ എന്റെ ഓരോ കോശത്തിലും ഞാന്‍ നിറക്കുകയാണ്, നിങ്ങള്‍ക്കകത്തും അത് സംഭവിക്കട്ടെ!

ആ സ്മരണ ഞാന്‍ എന്റെ ശ്വാസോഛ്വാസത്തോടൊപ്പം അനുഭവിക്കുകയാണ്, നിങ്ങള്‍ക്കകത്തും അത് സംഭവിക്കട്ടെ...!! 


ആ സ്മരണയില്‍ ഞാന്‍ എന്റെ ശരീരത്തെ പൊതിയുകയാണ്, നിങ്ങള്‍ക്കകത്തും അത് സംഭവിക്കട്ടെ....!!
എങ്കില്‍, തുടങ്ങുകയാണ്...

അഊദു ബില്ലാഹി മിശ്ശൈത്വാനി റജീം

‘ബിസ്മില്ലാഹി റഹ്മാനി റഹീം’

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍... ഞാന്‍ ആരംഭിക്കുന്നു...

അധ്യായങ്ങള്‍

1.     ജീവിതം പ്രാശാന്തമായിത്തീരാന്‍   

2.    അഭയം പ്രാപിക്കുന്നു ഞാന്‍, അല്ലാഹുവില്‍    

3.     അപകര്‍ഷതാബോധത്തെ നേരിടുന്ന വഴികള്‍   

4.     ശാന്തിയും സമാധാനവും നല്‍കുന്ന അറിവുകള്‍   

5.     കള്ളനാണയങ്ങളെ തിരിച്ചറിയുക    

6.     ‘നിങ്ങള്‍ എന്നെ കുറ്റപ്പെടുത്തേണ്ട’    

7.     അകം ശുദ്ധമാക്കുമ്പോള്‍ ആന്തരികത പുഷ്പിക്കുന്നു    

8.     ദാഹമുള്ളവര്‍ക്ക് വെള്ളം ലഭിക്കുന്നു    

 

അധ്യായം 1

ജീവിതം
പ്രശാന്തമായിത്തീരാന്‍

ഈഗോയെ കുറിച്ച് ഞാന്‍ ആമുഖത്തില്‍ പറയാന്‍ പ്രത്യേക കാരണമുണ്ട്. അത് നമ്മുടെ വിഷയവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. ഫാതിഹയാണ് നമ്മുടെ വിഷയം.

ആദ്യമായി നമുക്ക് ഫാതിഹയുടെ മുമ്പ് വരുന്ന ‘അഊദു’ വിനെ കുറിച്ചാണ് ചര്‍ച്ച ചെയ്യാനുള്ളത്. മഹാ പ്രാപഞ്ചിക രഹസ്യകോഡാണ് ഈ ‘അഊദു’ ഓതല്‍ അഥവാ ശരണം തേടല്‍. ‘ഇസ്തിആദത്’ എന്നാണ് അറബിയില്‍ ഇതിന് പറയുക. അഭയം പ്രാപിക്കല്‍, ശരണം തേടല്‍ എന്നൊക്കെയാണ് ‘ഇസ്തിആദത്’ എന്ന പദത്തിന്റെ അര്‍ഥം.

‘ഇസ്തിആദത്ത്’ എന്ന ഈ കോസ്മിക് സീക്രട്ട്, പ്രാപഞ്ചിക രഹസ്യം നിങ്ങള്‍ക്ക് തിരിയണമെങ്കില്‍ ഈഗോയുടെ കളികള്‍ നിങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്. ഈഗോയും ‘അഊദു’ ഓതലും തമ്മില്‍ അടിത്തട്ടില്‍ അഘാതമായ ബന്ധമുണ്ട്. ആ അടിയൊഴുക്കിനെ തിരിച്ചറിഞ്ഞ് ഈഗോയെ അലിയിച്ച് ഇല്ലാതാക്കിയാണ് നിങ്ങള്‍ ‘അഊദു’ ഓതുന്നതെങ്കില്‍ അത് നിങ്ങളുടെ ജീവിതത്തിലെ മഹാ മുഹൂര്‍ത്തമായിരിക്കും.
രണ്ട് സംഗതിയാണ് എനിക്ക് നിങ്ങളോട് ‘അഊദു’ വുമായി ബന്ധപ്പെട്ട് പറയാനുള്ളത്. ഇതിനെ ഞാന്‍ രണ്ട് ഭാഗങ്ങളായി തിരിക്കുകയാണ്.

1.    അഊദു ബില്ലാഹി    
2.    മിനശ്ശൈത്വാനി റജീം  

രണ്ടു ഭാഗങ്ങളായിത്തന്നെ നിങ്ങളും അതിനെ കാണുക. ആദ്യം അല്ലാഹു പറഞ്ഞ ഭാഗം ഏതാണ്? അല്ലാഹുവില്‍ അഭയം പ്രാപിക്കുന്ന കാര്യമാണോ അല്ലാഹു ആദ്യം പറയുന്നത് അതോ പിശാചിന്റെ കാര്യമാണോ ആദ്യം പറയുന്നത്?
ഞാന്‍ ചോദിക്കട്ടെ. ‘അഊദുബില്ലാഹി മിനശ്ശൈത്വാനി റജീം’ എന്നുപറയുമ്പോള്‍ നിങ്ങളുടെ മനസില്‍ വരുന്ന ഘടകം എന്താണ്? വളരെ ആത്മാര്‍ഥമായി ഉത്തരം പറയുക. ഈഗോ പോകുന്ന കാരങ്ങളൊക്കെയാണ് നമുക്ക് ചര്‍ച്ച ചെയ്യാനുള്ളത്. മുഖം മൂടികള്‍ മാറ്റിവെക്കുന്നതിനെകുറിച്ചൊക്കെയാണ് നമുക്ക് ചര്‍ച്ചചെയ്യാനുള്ളത്. കാരണം, മുഖം മൂടി മാറ്റിവെക്കാതെ നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ‘ഖുര്‍ബത്ത്’ ലഭിക്കുകയില്ല.

‘ഖുര്‍ബത്’ എന്നാല്‍ എന്താണ്? മഹാ പ്രപഞ്ചത്തിന്റെ സ്രഷ്ടാവുമായുള്ള സാമീപ്യമാണത്. ആ കാരുണ്യവാനുമായുള്ള അടുപ്പമാണത്. ആ സ്‌നേഹ സാഗരവുമായുള്ള കൂട്ടുകൂടലാണത്. പക്ഷേ, അതിലേക്ക് പ്രവേശനം കിട്ടണമെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ മുഖം മൂടികള്‍ മാറ്റിവെക്കേണ്ടതുണ്ട്. ഹൃദയം തുറക്കേണ്ടതുണ്ട്. ഹൃദയത്തിന് ‘ഇന്‍ശിറാഹ്’ അഥവാ തുറവി, വിശാലത മുതലായവ സംഭവിക്കേണ്ടതുണ്ട്.
ഖുര്‍ആനിന്റെ പരമ രഹസ്യം ഈഗോ അലിഞ്ഞില്ലാതാകലും മുഖം മൂടികള്‍ കൊഴിഞ്ഞുപോകലുമാണ്. അതിനാല്‍ തയ്യാറാവുക, കാരുണ്യവാന്റെ സാമീപ്യവും ചങ്ങാത്തവും ലഭിക്കാന്‍ ഹൃദയം കൊണ്ട് തയ്യാറാവുക.

ആളുകള്‍ പലപ്പോഴും ചോദിക്കാറുണ്ട്, തീരെ ‘ഇസ്തിഖാമത്’ കിട്ടുന്നില്ല. എന്താണ് ചെയ്യേണ്ടത് എന്ന്. ‘ഇസ്തിഖാമത്’ എന്നത് ‘ഇഹ്ദിന സ്വിറാത്തല്‍ മുസ്തഖീം’ എന്നതില്‍ നമുക്ക് വളരെ വിശദമായി ചര്‍ച്ചചെയ്യാനുള്ള വിഷയമാണ്. അതിനാല്‍ കൂടുതല്‍ വിശദീകരണം അവിടെ ആകാം...

‘ഇസ്തിഖാമത്’ എന്നാല്‍ വാക്കര്‍ഥം ‘സ്ഥിരത, സ്ഥൈര്യം’ എന്നാണ്. അല്ലാഹുവിന്റെ കാര്യത്തില്‍ സ്ഥിരത കിട്ടുന്നില്ല, സ്ഥിരചിത്തത കിട്ടുന്നില്ല, ഞാന്‍ എന്തു ചെയ്യും? ആളുകള്‍ സ്ഥിരമായി ചോദിക്കുന്ന ചോദ്യമാണിത്. ഇത് നിങ്ങള്‍ സൂര്യനു വിപരീതമായി നിന്നുകൊണ്ട് സൂര്യനെവിടെ എന്നു ചോദിക്കുന്നതു പോലെയാണ്. സൂര്യന്‍ അവിടെ തന്നെയുണ്ട്. പക്ഷേ, നിങ്ങള്‍ സൂര്യന് പുറം തിരിഞ്ഞാണ് നില്‍ക്കുന്നത്. നിങ്ങള്‍ സൂര്യനുനേരെ പുറം തിരിഞ്ഞുകൊണ്ട് നില്‍ക്കുന്നത് തുടര്‍ന്നുകൊണ്ടേയിരിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് സൂര്യനെ കാണാന്‍ സാധിക്കുകയില്ല.
അല്ലാഹു അവിടെത്തന്നെയുണ്ട്. അല്ലാഹു പറയുന്നത് നോക്കൂ...

‘‘തീര്‍ച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചിരിക്കുന്നു. അവന്റെ മനസ്സ് മന്ത്രിച്ചുകൊണ്ടിരിക്കുന്നത് നാം അറിയുകയും ചെയ്യുന്നു. നാം (അവന്റെ) കണ്ഠനാഡിയേക്കാള്‍ അവനോട് അടുത്തവനും ആകുന്നു.’’ (50:16)

‘‘നിന്നോട് എന്റെ ദാസന്‍മാര്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ (അവര്‍ക്ക്) ഏറ്റവും അടുത്തുള്ളവനാകുന്നു (എന്ന് പറയുക.) പ്രാര്‍ഥിക്കുന്നവന്‍ എന്നെ വിളിച്ച് പ്രാര്‍ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ഥനക്ക് ഉത്തരം നല്‍കുന്നതാണ്. അത്‌കൊണ്ട് എന്റെ ആഹ്വാനം അവര്‍ സ്വീകരിക്കുകയും, എന്നില്‍ അവര്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴി പ്രാപിക്കുവാന്‍ വേണ്ടിയാണിത്.’’ (2:186)

‘‘...നിങ്ങള്‍ എവിടെയായിരുന്നാലും അവന്‍ നിങ്ങളുടെ കൂടെയുണ്ട്താനും...’’ (57:4)

ഒരുപാട് വിശദീകരിക്കാനുള്ളതാണ് മുകളിലത്തെ മൂന്ന് ആയത്തുകളും. പുസ്തകങ്ങള്‍ തന്നെ വേണം അവ മനസ്സിലാക്കേണ്ടതുപോലെ മനസ്സിലാക്കാന്‍.

ഏറ്റവും ചുരുങ്ങിയത് ഞാന്‍ ഒരുകാര്യം പറയാം. മൂന്ന് വചങ്ങളിലെ മൂന്നാമത്തെ വചനത്തില്‍ ഇബ്‌നുകസീര്‍ എടുത്തുദ്ദരിച്ച ഒരു ഹദീസാണത്. നോക്കൂ നിങ്ങള്‍:

‘‘അബൂനഈം (റ) വില്‍ നിന്നും നിവേദനം. അല്ലാഹുവിനെ മാത്രം ആരാധിക്കുക, എല്ലാവര്‍ഷവും മന:സംതൃപ്തിയോടെ സമ്പത്തില്‍ നിന്നും മധ്യമ നിലവാരം പുലര്‍ത്തുന്നവയെ - പ്രായാധിക്യം ബാധിച്ചതോ, ചൊറിപിടിച്ചതോ ചെറുതോ കുറച്ചുമാത്രം പാല്‍ തരുന്നതോ രോഗിയോ അല്ലാത്തവയെ - സകാത്തായി നല്‍കുക, ആത്മാവിനെ സംസ്‌കരിക്കുക എന്നീ മൂന്നു കാര്യങ്ങള്‍ ചെയ്ത ഒരാള്‍ നിശ്ചയം ഈമാനിന്റെ രുചി അറിഞ്ഞിരിക്കുന്നു. അനുചരിലൊരാള്‍ ചോദിച്ചു:- ആത്മസംസ്‌കരണം എന്നതുകൊണ്ടുള്ള വിവക്ഷയെന്താണ്? നബി (സ) പറഞ്ഞു. എവിടെയായാലും അല്ലാഹു കൂടെയുണ്ടെന്ന അറിവാണ് ആത്മസംസ്‌കരണം.’’

പ്രവാചക (സ) ന്റെ ഈ വചനം എത്ര വിശദീകരിച്ചാലാണ് തീരുക സുഹൃത്തുക്കളെ! എത്ര പറഞ്ഞാലാണ് മതിവരിക സുഹൃത്തുക്കളെ!!
പക്ഷേ, ഞാന്‍ ഒന്നും പറയുന്നില്ല. തസ്‌കിയത്തുന്നഫ്‌സുമായി ബന്ധപ്പെട്ട പുസ്തകത്തില്‍ വളരെ വിശദമായി ഞാനത് പറയുന്നതാണ്. ഇവിടെ, ഒരു കാര്യം മാത്രം ഓര്‍ക്കുക, തസ്‌കിയത്തുന്നഫ്‌സ് എന്താണെന്ന് ചോദിച്ചപ്പോള്‍ പ്രവാചകന്‍ പറഞ്ഞ (സ) ന്റെ മറുപടി:

‘‘...എവിടെയായാലും അല്ലാഹു കൂടെയുണ്ടെന്ന അറിവാണ് ആത്മസംസ്‌കരണം.’’

ഇനി മറ്റൊരു ഹദീസും കൂടി കാണുക. അതും ഇബ്‌നു കസീര്‍ അദ്ദേഹത്തിന്റെ തഫ്‌സീറില്‍ ഉദ്ദരിച്ചതു തന്നെയാണ്:

‘‘ഉബാദതുബ്‌നുസ്സ്വാമിത് (റ) വില്‍നിന്നും നിവേദനം: അല്ലാഹുവിന്റെ ദൂതര്‍ (സ) പറഞ്ഞു. ഈമാനില്‍ വെച്ച് ഏറ്റവും സ്രേഷ്ഠമായത് നീ എവിടെയായിരുന്നാലും അല്ലാഹു നിന്റെ കൂടെയുണ്ടെന്ന അറിവാണ്.’’

പ്രശ്‌നം നിങ്ങള്‍ പുറം തിരിഞ്ഞ് നില്‍ക്കുന്നതാണ്. ആ പുറം തിരിഞ്ഞ് നില്‍ക്കലാണ് തടസ്സം. അതാണ് ‘ഇസ്തിഖാമത്തി’ന്റെ തടസ്സം. നിങ്ങളൊന്ന് തിരിഞ്ഞ് നിന്നാല്‍ സൂര്യനെ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. ആദ്യം തിരിഞ്ഞ് നില്‍ക്കലാണ് നടക്കേണ്ടത്. ആദ്യം സ്വയം പരിവര്‍ത്തനത്തിന് വിധേയമാവുക എന്നതാണ് നടക്കേണ്ടത്. അപ്പോള്‍ നിങ്ങള്‍ക്ക് അല്ലാഹുവില്‍ അഭയം പ്രാപിക്കല്‍ സംഭവിക്കുന്നു. ‘അഊദു’ നിങ്ങളില്‍ സംഭവിക്കുന്നു. ആ ഈഗോയെ ഉപേക്ഷിച്ചുകൊണ്ട് - അത് നിങ്ങളില്‍ നിന്നും കൊഴിഞ്ഞ് പോകുന്നതിനുള്ള ദിവ്യൗഷധമാണ്. ‘അഊദു’ എന്നത് സ്വയം പരിവര്‍ത്തന വിധായമാകലാണ് ഒന്നാമത്തെ സ്റ്റെപ്പ്.

സൂറത്ത് ഇന്‍ശിറാഹ് എന്ന് നിങ്ങള്‍ കേട്ടിട്ടില്ലേ? ഹൃദയത്തിന്റെ ഇന്‍ശിറാഹ് അഥവാ മഹാ ഓപ്പറേഷന്‍, മഹത്തായ ആ സര്‍ജറി അത് നടക്കേണ്ടതുണ്ട്. ‘തസ്‌കിയത്തുന്നഫ്‌സ്’ എന്നാണ് അതിന് ഖുര്‍ആനിന്റെ ഭാഷയില്‍ പറയുക. അതൊരു മഹത്തായ സര്‍ജറിയാണ്. മനസ്സിനകത്തുള്ള ചേറുകളും ചെളികളും നീക്കുന്ന മഹാ സര്‍ജറി. ഈ സര്‍ജറിക്കുവേണ്ടിയാണ് പ്രവാചകന്‍മാരെ ഭൂമിലോകത്തേക്ക് നിയോഗിച്ചത് എന്നാണ് ഖുര്‍ആന്‍ പല സ്ഥലങ്ങളിലായി പറയുന്നത്. അതുകൊണ്ടുതന്നെ, വളരെ ഗൗരവമേറിയ വിഷയമാണിത്. അങ്ങേയറ്റം പ്രാധാന്യമുള്ള വിഷയമാണിത്. മനുഷ്യ ജീവിതത്തിന്റെ വിജയ പരാജയങ്ങള്‍ കിടക്കുന്നതിവിടെയാണ്. വളരെ വിശദമായ ഒരു പുസ്തകം ഈ വിഷയത്തില്‍ നിങ്ങളിലേക്ക് പിന്നീട് എത്തുന്നതാണ്. ‘വിജയത്തിന്റെ വിത്തുകള്‍’ എന്ന പുസ്തകത്തില്‍ ഈ വിഷയം ഞാന്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. താല്‍പര്യമുള്ളവര്‍ക്ക് ഇപ്പോഴേ അത് വായിക്കാം.

അപ്രകാരം തന്നെ സൂറത്ത് ഇന്‍ശിറാഹിനെ കുറിച്ചും വിശദമായ പുസ്തകം വരുന്നുണ്ട്. മഹത്തായ ആ ഇന്‍ശിറാഹ് (ആന്തരിക സര്‍ജറി) നിങ്ങളില്‍ സംഭവിച്ചിട്ടില്ലായെങ്കില്‍ നിങ്ങള്‍ എന്നും അടഞ്ഞവനായിരിക്കും. ടെന്‍ഷനും നിരാശയുമായിരിക്കും നിങ്ങളുടെ കൂട്ട്. ഹൃദയ വിശാലത സംഭവിക്കുമ്പോഴാണ് ജീവിതം സൗഭാഗ്യം നിറഞ്ഞതാണെന്ന അനുഭവമുണ്ടാകുന്നത്. ശാന്തിയുടെയും സമാധാനത്തിന്റെയും അനുഭവങ്ങള്‍ ഉണ്ടാകുന്നത്. അല്ലായെങ്കില്‍ നിങ്ങള്‍ മുളക്കാത്ത വിത്ത് പോയെയായിരിക്കും. വിത്തിന് മഹാ സാധ്യതകളുണ്ട്. മുളച്ച് മരമായി കായ്ച്ച് പൂവിട്ട്, മഹാ പൂമരമാകാനുള്ള സാധ്യതകളുണ്ട്. എന്നാല്‍ അത് അതിന്റെ പുറംതോട് ഉപേക്ഷിക്കാന്‍ തയ്യാറാകേണ്ടതുണ്ട്. ആ പുറം തോട്, മുഖം മൂടി പൂര്‍ണ്ണമായും നശിക്കേണ്ടതുണ്ട്. അപ്പോള്‍ മാത്രമാണ് വിത്തിന് സാഫല്യം ലഭിക്കുന്നത്, പൂര്‍ണത കൈവരുന്നത്. 

ഇപ്രകാരംതന്നെയാണ് മനുഷ്യനും. അവന്‍ അവന്റെ പുറം തോടാകുന്ന ഈഗോയും പേഴ്‌സനാലിറ്റിയും മുഖം മൂടികളും ഒഴിവാക്കേണ്ടതുണ്ട്. അറിയുക, എല്ലാ പേഴ്‌സനാലിറ്റികളും കപടമാണ്. ആളെ കാണിക്കാനുള്ളതാണ്. നിങ്ങള്‍ ഇനിയും അങ്ങനെ ആയിട്ടില്ല, അങ്ങനെ ആയി എന്ന് കാണിക്കലാണ് പേഴ്‌സനാലിറ്റി. അത് വരുന്നതാകട്ടെ ഈഗോയില്‍ നിന്നാണ്. ഈഗോ എന്നാല്‍ നിങ്ങള്‍ അല്ലാത്ത നിങ്ങളാണ്. നിങ്ങള്‍ക്കകത്തുള്ള അപരനാണ് ഈഗോ... നിങ്ങളുടെ കള്ളനാണയമാണ് ഈഗോ. അത് സ്ട്രസ്സും ടെന്‍ഷനുമല്ലാതെ നിങ്ങള്‍ക്ക് സമ്മാനിക്കുകയില്ല.

യഥാര്‍ഥത്തില്‍ നിങ്ങള്‍ക്ക് വേണ്ടത് പേഴ്‌സനാലിറ്റിയാകുന്ന ആ മുഖംമൂടിയല്ല, മറിച്ച് പേഴ്‌സനാലിറ്റിയാകുന്ന ആ മുഖം മൂടി പൊളിയുമ്പോള്‍ അകത്ത് നിന്നും ഉരുത്തിരിഞ്ഞു വരുന്ന ആ ഇന്റിവിജ്വാലിറ്റിയാണ് വേണ്ടത്. അത് ഒറിജിനലാണ്, യാഥാര്‍ഥ്യമാണ്, ആധികാരിതയുള്ളതാണ്.
പേഴ്‌സനാലിറ്റിയും ഇന്റിവിജ്വാലിറ്റിയും തമ്മിലുള്ള അന്തരം വലിയ ഒരു വിഷയമാണ്. മനുഷ്യ ജീവിതവുമായി വളരെയധികം ബന്ധമുള്ള ഒരു വിഷയം എന്നതിനാല്‍ തീര്‍ച്ചയായും ഇതിലും ഒരു പുസ്തകം നിങ്ങള്‍ക്ക് പ്രതീക്ഷിക്കാവുന്നതാണ്.

നിങ്ങളുടെ മുഖം മൂടിയെല്ലാം ഇപ്പോള്‍ മാറി നിന്നു എന്നതിനാല്‍ ഞാന്‍ എന്റെ ചോദ്യത്തിലേക്ക് കടന്നുവരികയാണ്. എന്തായിരുന്നു ചോദ്യം? നിങ്ങള്‍ക്കത് ഓര്‍മയുണ്ടോ? എനിക്ക് ഓര്‍മയുണ്ട്....

ചോദ്യമിതാണ് ‘അഊദു’ ഓതുമ്പോള്‍ നിങ്ങളുടെ മനസ്സില്‍ എന്താണ് വരാറ്? ഞാന്‍ ഈ ചോദ്യം എന്റെ ജീവിതത്തില്‍ പലരോടും ചോദിച്ചതാണ്. അവരൊക്കെ പറഞ്ഞത്, അഊദുബില്ലാഹി മിനശ്ശൈത്വാനി റജീം എന്ന് പറയുമ്പോള്‍ ഓര്‍മ വരുന്നത് പിശാചിനെ കുറിച്ചാണ് എന്നാണ്. ഓതുമ്പോഴായാലും കേള്‍ക്കുമ്പോഴായാലും ഒക്കെ ഇതുതന്നെ സ്ഥിതി.

നിങ്ങളുടെയും അവസ്ഥ അതു തന്നെയല്ലെ? ആട്ടിയോടിക്കപ്പെട്ട പിശാച് എന്നതല്ലേ നിങ്ങളുടെ മനസ്സില്‍ മുഴുമിച്ച് നില്‍ക്കുന്നത്. അത് അങ്ങനെയാണ്. അത് അങ്ങനെയേ ആവുകയുള്ളൂ... അതിന്ന് പ്രധാനമായും രണ്ട് കാരണങ്ങളുണ്ട്. ആ കാരണങ്ങള്‍ നിങ്ങള്‍ മനസ്സിലാക്കി, നിങ്ങള്‍ക്കകത്തുനിന്നും ആ കാരണങ്ങള്‍ കൊഴിഞ്ഞില്ലാതാകുമ്പോള്‍ മാത്രമേ അല്ലാഹുവില്‍ അഭയം പ്രാപിക്കുക എന്ന ആദ്യഭാഗം നിങ്ങളില്‍ മുഴച്ചു നില്‍ക്കുകയുള്ളൂ. രണ്ട് ഭാഗമായല്ലേ ‘അഊദു’ നിലനില്‍ക്കുന്നത്.

1.    അഊദു ബില്ലാഹി   
2.    മിനശ്ശൈത്വാനി റജീം   

അവയില്‍ അല്ലാഹു ആദ്യം പറഞ്ഞത് ഏത് ഭാഗമാണ്? ഏതിനെ കുറിച്ചാണ് അല്ലാഹു ആദ്യം പറഞ്ഞത്? പിശാചിനെ കുറിച്ചാണോ അല്ലാഹുവിനെ കുറിച്ചാണോ? അല്ലാഹുവിനെ കുറിച്ചല്ലേ അല്ലാഹു ആദ്യം പറഞ്ഞത്. അല്ലാഹുവില്‍ അഭയം പ്രാപിക്കുക എന്നതല്ലേ അല്ലാഹു ആദ്യം പറഞ്ഞത്. അപ്പോള്‍ അല്ലാഹുവിനെ കുറിച്ചല്ലേ ‘അഊദു’ ഓതുമ്പോള്‍ തന്നെ ഓര്‍മകളായി നമ്മുടെ മനസ്സിലേക്ക് ഓടിയെത്തേണ്ടത്.

അല്ലാഹുവില്‍ അഭയം പ്രാപിക്കുക എന്നാല്‍ ചെറിയകാര്യമാണോ? രണ്ടരലക്ഷം കോടി ഗ്യാലക്‌സികളെ സൃഷ്ടിച്ച് പരിപാലിക്കുന്ന ആ മഹാസ്രഷ്ടാവിലാണ് നാം അഭയം പ്രാപിക്കാന്‍ പോകുന്നത്. പക്ഷേ, എന്നിട്ടും ആ അഭയം പ്രാപിച്ച ഫീലിങ്ങാണോ ‘അഊദു’ ഓതുമ്പോള്‍ വരുന്നത്? അല്ലല്ലോ? മറിച്ച് എന്താണ് സംഭവിക്കുന്നത്? ഞാന്‍ ചോദിച്ച ആളുകളൊക്കെ പറയുകയാണ്, ‘അഊദു’ ഓതുമ്പോള്‍ തന്നെ പിശാചിന്റെ ഓര്‍മകാളാണ് മനസ്സിലേക്ക് വരുന്നത് എന്ന്. പിശാചില്‍ നിന്നും രക്ഷപ്പെട്ട്, അവന്റെ ഓര്‍മകളില്‍ നിന്നും രക്ഷനേടി അല്ലാഹുവില്‍ അഭയം പ്രാപിക്കുന്നതിനുള്ള മഹാദിവ്യൗഷധമാണ് ‘അഊദു’. എന്നിട്ടും അത് ഓതുമ്പോള്‍, കേള്‍ക്കുമ്പോള്‍ പിശാചിനെ കുറിച്ചുള്ള ഓര്‍മകളും ഫീലിങ്ങുകളുമാണ് മുഴുമിച്ച് നില്‍ക്കുന്നത്.

എന്തായിരിക്കും ഇത് ഇങ്ങനെ? എന്തിനുവേണ്ടിയാണോ ഒരു മഹാമന്ത്രം പഠിപ്പിക്കപ്പെട്ടത്, അതിന്റെ നേരെ ഉള്‍ട്ട റിസല്‍ട്ട്!! വിപരീതഫലം!!! എന്തായിരിക്കും അതിന്റെ കാരണം?
ഒരു കാര്യം ഉറപ്പല്ലേ? അല്ലാഹു ഉദ്ദേശിക്കുന്നത് നമ്മള്‍ അല്ലാഹുവിനെ സ്മരിക്കുന്നവരായിത്തീരാനല്ലെ? പിശാചിനെ ഓര്‍ക്കുന്നവരായിത്തീരാനാണോ അല്ലാഹു നമ്മെക്കൊണ്ട് ആഗ്രഹിക്കുന്നത്? അല്ലല്ലോ?

അല്ലെങ്കിലും പിശാചിനെ ഓര്‍ക്കുന്ന സമയത്ത് അല്ലാഹുവിന്റെ സ്മരണ അവിടെ നിലനില്‍ക്കുകയില്ല. ഖുര്‍ആനിക വചനങ്ങളുടെ അടിസ്ഥാനത്തില്‍ തന്നെ ഞാനത് വിശദീകരിക്കുന്നുണ്ട്. ഒരു സമയത്ത് ഒരു സ്മരണ മാത്രമേ നിലനില്‍ക്കുകയുള്ളൂ. അതുകൊണ്ടു തന്നെ പിശാചിന്റെ ഓര്‍മകള്‍, അവന്റെ മന്ത്രണങ്ങള്‍ (വസ്‌വാസുകള്‍) നമ്മില്‍ ഇല്ലാതിരിക്കാനാണ് ഈ ‘അഊദു’ ഓതല്‍. എന്നിട്ട് സംഭവിക്കുന്നതോ? ‘അഊദു’ കേള്‍ക്കുമ്പോള്‍ തന്നെ പിശാചാണ്, പിശാചിന്റെ ഓര്‍മയാണ് മനസ്സില്‍ മുഴുമിച്ച് നില്‍ക്കുന്നത്!!
എന്താണിതിങ്ങനെ? ചിന്തിക്കേണ്ടുന്ന വസ്തുതയല്ലേ? നിസ്സാരമായി തള്ളിക്കളയാന്‍ പറ്റുകയില്ല. കാരണം, നിങ്ങളുടെ പ്രശാന്തിയുടെ മഹാ രഹസ്യങ്ങള്‍ മറഞ്ഞു കിടക്കുന്നത് ഈ ‘അഊദു’ ഓതലിലാണ്. അതാണ് തലതിരിഞ്ഞിരിക്കുന്നത്. തലതിരിഞ്ഞതുകൊണ്ട്തന്നെ ‘അഊദു’ ഓതുമ്പോഴുണ്ടാകേണ്ടുന്ന ആന്തരിക ശാന്തിയും സമാധാനവും നിര്‍വൃതിയും നിങ്ങള്‍ അനുഭവിക്കാതെ പോകുന്നു.

അല്ലെങ്കിലും നിങ്ങളൊന്ന് ആലോചിച്ച് നോക്കൂ... അല്ലാഹുവില്‍ അഭയം പ്രാപിച്ചാല്‍ എങ്ങനെയാണ് നിങ്ങള്‍ സന്തോഷം അനുഭവിക്കാതിരിക്കുക. ഞാനൊരു ഉദാഹരണം പറയാം. നിങ്ങള്‍ക്ക് അധികം പരിചയമില്ലാത്ത ഒരു നാട്ടില്‍ നിങ്ങള്‍ എത്തി എന്ന് കരുതുക. 

നിങ്ങള്‍ അവിടെയുള്ള യാത്രയില്‍ ആകെ വഴിതെറ്റി അലയുകയാണ്. ഭീകരവാദികളും തീവ്രവാദികളും തോക്കുകളുമായി അലയുന്ന നാടാണത്. എപ്പോഴും അവരുടെ പൈശാചിക കൃത്യത്തിന് നിങ്ങള്‍ വിധേയമായേക്കാം... നിങ്ങള്‍ കൊല്ലപ്പെട്ടേക്കാം... തടവിലാക്കപ്പെട്ടേക്കാം....ക്രൂരകൃത്യത്തിന് വിധേയമായേക്കാം....

ഈ സമയത്ത് അതുവഴി ആ നാടിന്റെ പ്രസിഡന്റ് വാഹനത്തില്‍ കടന്നുപോവുകയാണ്. അദ്ദേഹം വണ്ടിനിര്‍ത്തി. കാര്യങ്ങള്‍ ചോദിച്ചു. നിങ്ങള്‍ വിശദീകരിച്ച് നിങ്ങളുടെ അവസ്ഥ പറഞ്ഞു. അദ്ദേഹം നിങ്ങളെ അദ്ദേഹത്തിന്റെ കാറില്‍ കയറ്റി. കൊട്ടാര സമാനമായ അദ്ദേഹത്തിന്റെ കേന്ദ്രത്തില്‍ അഭയം തന്നു. നല്ല താമസം, നല്ല ഭക്ഷണം, പൂര്‍ണ സുരക്ഷ.

നിങ്ങള്‍ എത്രമാത്രം സന്തോഷവാനായിരിക്കും!! ഞാന്‍ പറയേണ്ടതുണ്ടോ? ആ സന്തോഷത്തെ വാക്കുകളില്‍ പറഞ്ഞറിയിക്കാന്‍ സാധിക്കുമോ? ഒരു ഭാഷയിലെ വാക്കുകള്‍ക്കും ആ അഭയത്തിന്റെ അനുഭവത്തെ വിശദീകരിക്കുകവയ്യ. ഭാഷയും വാക്കുകളും അപ്രസക്തമാകുന്ന നിമിഷങ്ങളാണത്.

എങ്കില്‍ ഞാന്‍ പറയുന്നു ഇതിനെക്കാള്‍, ഈ പറഞ്ഞ സന്തോഷത്തെക്കാള്‍ ശതകോടിക്കണക്കിന് സന്തോഷാനുഭവം നല്‍കുന്ന മഹാപ്രതിഭാസമാണ് ‘അഊദു’ എന്നത്. ഹിമാലയ പര്‍വ്വതനിരകള്‍ അതിനു മുമ്പില്‍ മാറിനിന്നുകൊടുക്കേണ്ടിവരും.... ഏഴുസാഗരങ്ങളും മാറിനില്‍ക്കേണ്ടതുണ്ട്. അവയുടെ അളവിനെക്കാളെല്ലാം സന്തോഷവും സമാധാനവും പ്രശാന്തിയുമാണ് അവയെയെല്ലാം സൃഷ്ടിച്ച നാഥനില്‍ അഭയം പ്രാപിക്കുമ്പോള്‍ കിട്ടുക.

ഓര്‍ക്കുക, ‘ഞാന്‍ അഭയം പ്രാപിക്കുന്നു’ എന്ന് പറഞ്ഞതുകൊണ്ട് ഈ വാക്കുകള്‍ക്കതീതമായ ആന്തരീക നിര്‍വൃതിയും സന്തോഷവും കിട്ടുകയില്ല. അത് പറയുന്നതോടൊപ്പം നിങ്ങള്‍ അല്ലാഹുവില്‍ അഭയം പ്രാപിക്കേണ്ടതുണ്ട്. പറയലും അത് സംഭവിക്കലും രണ്ടും രണ്ടാണ്. അതുകൊണ്ടാണ് ഖുര്‍ആന്‍ ഇപ്രകാരം പറഞ്ഞത്:

‘‘തങ്ങളുടെ വായ്‌കൊണ്ട് അവര്‍ പറയുന്നത് അവരുടെ ഹൃദയങ്ങളിലില്ലാത്തതാണ്. അവര്‍ മൂടിവെക്കുന്നതിനെപ്പറ്റി അല്ലാഹു കൂടുതല്‍ അറിയുന്നവനാകുന്നു.’’ (3:167)

‘‘ഗ്രാമീണ അറബികള്‍ പറയുന്നു: ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്ന്. നീ പറയുക: നിങ്ങള്‍ വിശ്വസിച്ചിട്ടില്ല. എന്നാല്‍ ‘‘ഞങ്ങള്‍ കീഴ്‌പെട്ടിരിക്കുന്നു’’ എന്ന് നിങ്ങള്‍ പറഞ്ഞു കൊള്ളുക. വിശ്വാസം നിങ്ങളുടെ ഹൃദയങ്ങളില്‍ പ്രവേശിച്ചുകഴിഞ്ഞിട്ടില്ല. അല്ലാഹുവെയും അവന്റെ ദൂതനെയും നിങ്ങള്‍ അനുസരിക്കുന്ന പക്ഷം നിങ്ങള്‍ക്കു നിങ്ങളുടെ കര്‍മ്മഫലങ്ങളില്‍ നിന്ന് യാതൊന്നും അവന്‍ കുറവു വരുത്തുന്നതല്ല. തീര്‍ച്ചയായും ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.’’ (49:14)

‘‘ഒരു വിഭാഗത്തെ അവന്‍ നേര്‍ വഴിയിലാക്കിയിരിക്കുന്നു. ഒരു വിഭാഗമാകട്ടെ വഴിപിഴക്കാന്‍ അര്‍ഹരായിരിക്കുന്നു. അല്ലാഹുവിനെവിട്ട് പിശാചുക്കളെയാണ് അവര്‍ രക്ഷാധികാരികളാക്കി വെച്ചിരിക്കുന്നത്. തങ്ങള്‍ സന്‍മാര്‍ഗ്ഗം പ്രാപിച്ചവരാണെന്ന് അവര്‍ സ്വയം വിചാരിക്കുകയും ചെയ്യുന്നു.’’ (7:30)

ഈ ഖുര്‍ആനിക വചനങ്ങളെല്ലാം ഇപ്പോള്‍ ഞാന്‍ കേവലം അര്‍ഥം പറഞ്ഞ് പോവുകയാണ്. യഥാര്‍ത്തത്തില്‍ അവ അങ്ങനെഅര്‍ഥം പറഞ്ഞ് പോകേണ്ടവയല്ല. ജീവിത വിജയ രഹസ്യങ്ങളുടെ മഹാസംഭവങ്ങള്‍ മറഞ്ഞു കിടക്കുന്ന കോഹിനൂര്‍ രത്‌നങ്ങളാണവ. ശാന്തിയും സമാധാനവും ആഗ്രഹിക്കുന്ന ആര്‍ക്കും ഈ വചനങ്ങളെ കേവലം അര്‍ഥം പറഞ്ഞ് പോവുക വയ്യ. 

എങ്കിലും തല്‍ക്കാലം ഞാനത് ചെയ്യുകയാണ്, രണ്ട് കാരണങ്ങളാണതിന്:
1.    നമ്മുടെ ഇപ്പോഴത്തെ വിഷയം ‘അഊദു’ ഓതലാണ്.
2.    മുകളിലത്തെ വചനവുമായി ബന്ധപ്പെട്ട വിഷയത്തെ കുറിച്ച്  വളരെ വിശദമായ പുസ്തകങ്ങള്‍ നിങ്ങളിലേക്ക് പിന്നീട് വരു ന്നുണ്ട്.
അപ്പോള്‍ ഓര്‍ക്കുക, എപ്പോഴും എപ്പോഴും ഓര്‍ക്കുക, ‘അഊദു’ ഓതലും ‘അഊദു’ വില്‍ പറഞ്ഞ അഭയം പ്രാപിക്കല്‍ സംഭവിക്കലും രണ്ടും രണ്ടാണ്. 

‘അഊദു’വിലെ രണ്ടു ലക്ഷ്യങ്ങള്‍ നമുക്ക് പരിഗണിക്കാം:
1.    ‘അഊദു’ ഓതല്‍
2.     ‘അഊദു’ വില്‍ പറഞ്ഞത് സംഭവിക്കല്‍

ഏതായിരിക്കും അല്ലാഹു ലക്ഷ്യം വെക്കുന്നത്? കേവലം നാക്ക് കൊണ്ട് പറയല്‍ മാത്രമായിരിക്കുമോ അല്ലാഹു ലക്ഷ്യം വെക്കുന്നത്? തീര്‍ച്ചയായും ഓതല്‍ അതിന്റെ ഭാഗമാണ്, എന്നാല്‍ പ്രധാന ലക്ഷ്യം എന്താണ്? അതില്‍ പറഞ്ഞത് മനുഷ്യന് സംഭവിക്കലല്ലേ പ്രധാന ലക്ഷ്യം? അത് സംഭവിക്കുന്നതിന് വേണ്ടിയാണ് വാക്കുകള്‍. വാക്കുകള്‍ വെറുതെ പറഞ്ഞ് പോകാന്‍ വേണ്ടി മാത്രമല്ല!!

എങ്കില്‍ വീണ്ടും ചോദ്യം ഉയരുകയാണ് ‘അഊദു’ അഥവാ അല്ലാഹുവില്‍ അഭയം പ്രാപിക്കല്‍ എന്നില്‍ എങ്ങനെ സംഭവിക്കും? ഓതുന്ന കാര്യം എങ്ങനെ എന്റെ  അനുഭവമായിത്തീരും? ആ അനുഭവമായിത്തീരാതെ നേരത്തെ പറഞ്ഞ ഉദാഹരണത്തിലെ ആളുടെ കാര്യം പറഞ്ഞത് പോലെ, അതിനേക്കാള്‍ ശതകോടിക്കണക്കിനുള്ള ആന്തരിക നിര്‍വൃതിയും ആനന്ദവുമൊക്കെ നിങ്ങള്‍ക്ക് എങ്ങനെ അനുഭവിക്കുവാന്‍ സാധിക്കും. ഒരിക്കലുമില്ല, അനുഭവിക്കല്‍, സംഭവിക്കല്‍ അഥവാ ‘ഇസ്തിആദത്ത്’ അഭയം പ്രാപിക്കല്‍ സംഭവിക്കലില്‍ മാത്രമേ ശാന്തിയും സമാധാനവുമുള്ളൂ.... അതാകട്ടെ വാക്കുകള്‍ക്കതീതമായ സന്തോഷത്തിന്റെ മഹോത്സവമാണ്. പ്രപഞ്ചത്തിന്റെ നാഥനെയാണ് എനിക്ക് തിരിച്ചു കിട്ടിയിരിക്കുന്നത്. പ്രപഞ്ചസ്രഷ്ടാവിലാണ് ഞാന്‍ അഭയം പ്രാപിച്ചിരിക്കുന്നത്. ഇത് ഏതെങ്കിലും നാട്ടിന്റെ പ്രസിഡന്റോ പ്രധാന മന്ത്രിയോ ഒന്നുമല്ല. സര്‍വ്വ ലോകങ്ങളുടെയും സ്രഷ്ടാവും മാനേജറുമാണ് (മുദബ്ബിറുല്‍ അംറ്) അവന്‍. അവനില്‍ അഭയം പ്രാപിക്കുന്നതിനെക്കാള്‍ ആന്തരിക ആനന്ദോല്‍സവം ഏതിലാണ് കിട്ടുക! സകല വസ്തുക്കളുടെയും ഉറവിടവും ഉടമയുമാണവന്‍. സകല പ്രശസ്തിയുടെയും പ്രതാപത്തിന്റെയും ഉടമയാണവന്‍. ലാ ഹൗല വലാ ഖുവ്വത്ത ഇല്ലാബില്ലാഹില്‍ അലിയ്യുല്‍ അളീം!!!!!

എങ്കില്‍ അതും നമുക്ക് അന്വേഷിക്കാം.... എങ്ങനെ ആ ശരണത്തിന്റെ, അഭയത്തിന്റെ മഹാ അനുഭവം രുചിച്ചറിയാന്‍ സാധിക്കുമെന്ന് നമുക്ക് നോക്കാം.... വരും അധ്യായങ്ങളിലൂടെ....

Write a reviewNote: HTML is not translated!

Bad           Good